കൊല്ലം: എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ്, വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും ആർ. ശങ്കറിന്റെ 52-ാം ചരമവാർഷികാചരണം സംഘടിപ്പിച്ചു.
ആർ.ശങ്കറിന്റെ ചിതാഭസ്‌മം സൂക്ഷിച്ചിരിക്കുന്ന യോഗം ആസ്ഥാനത്ത് ഇന്നലെ രാവിലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ചു. രാവിലെ സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറിന്റെയും സെക്രട്ടറി എൻ.രാജേന്ദ്രന്റെയും നേതൃത്വത്തിൽ യൂണിയൻ, പോഷകസംഘടനാ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി.
ആർ.ശങ്കറിന്റെ ജന്മദേശമായ പുത്തൂരിലെ ആർ.ശങ്കർ ആശുപത്രി അങ്കണത്തിൽ നിന്ന് എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെയും എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും ആഭിമുഖ്യത്തിൽ രാവിലെ പുറപ്പെട്ട ദീപശിഖാ റാലിക്ക് കേരളപുരത്ത് ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് കുണ്ടറ യൂണിയൻ ഭാരവാഹികളിൽ നിന്ന് കൊല്ലം യൂണിയൻ ഭാരവാഹികൾ ദീപശിഖ ഏറ്റുവാങ്ങി നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വൈകിട്ട് ചിന്നക്കട ആർ.ശങ്കർ സ്ക്വയറിലെത്തി. ആർ.ശങ്കർ പ്രതിമയിൽ ഹാരാർപ്പണത്തിന് ശേഷം ആയിരങ്ങൾ അണിനിരന്ന് മൗനജാഥയായി എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്‌മൃതി മണ്ഡപത്തിലെത്തി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി ജെ.ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, എസ്.എൻ ട്രസ്റ്റ് എക്സി. അംഗം അജി.എസ്.ആർ.എം, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി.അരുൾ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, യോഗത്തിന്റെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖ ഭാരവാഹികൾ, യോഗത്തിന്റെയും ട്രസ്റ്റിന്റെയും വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.