കൊല്ലം: ആർ.ശങ്കറിന്റെ കാലത്തേത് പോലെ ഈഴവർ അധികാരത്തിലെത്തിയാൽ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് വിളിച്ച് ആക്ഷേപിച്ചു. ഈഴവരെ തകർക്കുക ചില പ്രത്യേക വിഭാഗങ്ങളുടെ ലക്ഷ്യമാണ്.
ആർ.ശങ്കർ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 13 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എസ്.എൻ.ഡി.പി യോഗത്തിന് അനുവദിച്ചത്. ആർ. ശങ്കറിന്റെ ഏറ്റവും വലിയ സ്മാരകങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ സ്ഥാപനങ്ങൾ. ആർ.ശങ്കർ മന്ത്രിയായിരുന്നപ്പോൾ മാത്രമാണ് ഈഴവ സമുദായത്തിന് വിദ്യാഭ്യാസ രംഗത്ത് സാമുദായിക നീതി ലഭിച്ചത്. പല ജില്ലകളിലും ഇപ്പോഴും എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല.
ആർ.ശങ്കറിനെ തകർക്കാൻ ശ്രമിച്ചവരുടെ പിന്മുറക്കാർ യോഗത്തെയും ട്രസ്റ്റിനെയും തകർക്കാൻ ഇപ്പോഴും ശ്രമിക്കുന്നു. ട്രസ്റ്റിനെ റിസീവർ ഭരണത്തിലാക്കി നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എന്ത് ചെയ്താലും എതിർക്കുകയാണ് ഇവർ. സൂപ്രീം കോടതി വരെ പോയി കേസ് നടത്തുന്നു. ഈ കേസുകൾ നടത്താനുള്ള സമ്പത്ത് ഇവർക്ക് എവിടുന്നാണെന്ന് പരിശോധിക്കണം. ഇത്തരം പ്രവർത്തനങ്ങളാണ് ഈഴവ സമുദായത്തിന് വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹ്യ നീതികൾ ലഭിക്കാത്തതിന്റെ കാരണം. രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും നീതി ലഭിക്കുന്നില്ല. സംഘടിച്ച് വോട്ട് ബാങ്കായി മാറിയാലേ നീതി ലഭിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.