
നമ്മുടെ കാമ്പസിലെ വർത്തമാനങ്ങൾ എന്തൊക്കെയാണ്. ട്രെൻഡ് എന്താണ്. കൊല്ലം എസ്.എൻ വിമൻസ് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഒരു സംഭാഷണം...
കൊല്ലം: പാവം തൊട്ടാവാടികളല്ല, ആലോചിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും കഴിയുന്ന ചുണക്കുട്ടികളാണ് കൊല്ലം എസ്.എൻ വിമൻസ് കോളേജിലെ വിദ്യാർത്ഥികൾ. മറ്റുള്ളവർ കരുതുന്നതിനേക്കാൾ സ്മാർട്ട് ആൻഡ് ബോൾഡ്. 'വിമൻസ് കോളേജ് എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ട്, പക്ഷേ അവർക്കറിയില്ലല്ലോ ഞങ്ങൾ വേറെ ലെവലാണെന്ന്. ഇവിടെ സെറ്റ് വൈബാ'' മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ലിയ പറഞ്ഞു.
കളിയും ചിരിയും താമശയും മാത്രമല്ല സമൂഹത്തിലെ ഓരോ പ്രശ്നത്തെക്കുറിച്ചും കൃത്യമായ നിലപാടുകളുള്ളവരാണ് ഇവിടുത്തെ കുട്ടികൾ. പഠനത്തോടൊപ്പം കലാ-കായിക രംഗത്തും ഒരുപോലെ ശോഭിക്കുന്നവർ. കോളേജ് പോലെ വിശാലമാണ് ഇവിടുത്തെ വിദ്യാർത്ഥികളുടെ ചിന്തകളും.
ഞങ്ങൾ മാസ്സല്ലേ...
ആൺകുട്ടികളോ എന്തിന്, ഇവിടെ ഞങ്ങളാണ് എല്ലാം. കർട്ടൻ വലിക്കുന്നതും സ്പീക്കർ സെറ്റ് ചെയ്യുന്നതുമൊക്കെ ഞങ്ങൾ തന്നെ. ചെറിയ പരിപാടികൾ മുതൽ വലിയ ഇവന്റുകൾ വരെ ഞങ്ങൾ നിസാരമായി കൈകാര്യം ചെയ്യുമെന്ന് ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിനി കൃഷ്ണ ആവേശത്തോടെ പറഞ്ഞു. വീട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യമാണ് കോളേജിൽ കിട്ടുന്നത്. സമൂഹത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുചാടി സ്വതന്ത്രരായി ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവുമെന്നും ഇവർ പറയുന്നു.
മാറേണ്ടത് സമൂഹം
മുടി വളർത്തണോ, വെട്ടണോ? എന്ത് ഇടണം? ഇതെല്ലാം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ഒരാൾ അയാൾക്കിഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കുന്നതിൽ മറ്റുള്ളവർക്കെന്തിനാണിത്ര അസഹിഷ്ണുത?. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആഴ്ന്നിറങ്ങി അവരുടെ ജീവിതത്തെ ചോദ്യം ചെയ്യാനാണ് സമൂഹത്തിലെ ഒരുകൂട്ടർ ശ്രമിക്കുന്നത്. കാര്യങ്ങൾ മനസിലാക്കാനും സ്വയം നിയന്ത്രിക്കാനും തങ്ങൾക്ക് അറിയാമെന്നാണ് ഇവരുടെ അഭിപ്രായം.
കൂട്ടായ്മയാണ് വിജയം
അദ്ധ്യാപകരെന്നോ വിദ്യാർത്ഥികളെന്നോ ഉള്ള വേർതിരിവ് ഇന്നില്ല. കൂട്ടുകാരെ പോലെ ആയതുകൊണ്ട് വിദ്യാർത്ഥികൾ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പോലും തുറന്നുപറയാറുണ്ടെന്ന് സംഗീത വിഭാഗം അദ്ധ്യാപികയും പൂർവ വിദ്യാർത്ഥിയുമായ ശ്വേത വ്യക്തമാക്കി. ഞങ്ങൾ പഠിച്ചിരുന്ന കാലത്തും ഇവിടം അടിപൊളിയായിരുന്നു. ഇന്ന് ആഘോഷങ്ങളുടെ മാറ്റ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ജയലക്ഷ്മിയുടെ അഭിപ്രായം. കൂട്ടായ പ്രവർത്തനമാണ് കോളേജിന്റെ വിജയമെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. വിശാലമായ ലൈബ്രറിയും നിരവധി ക്ലബുകളും വ്യക്തിത്വവികസനായി ഇവിടെയുണ്ട്. എവിടെ നോക്കിയാലും പച്ചപ്പ് നിറഞ്ഞ കാമ്പസിൽ ചിത്രശലഭങ്ങളായി വർണച്ചിറകുകൾ വീശി പറക്കുകയാണ് വിദ്യാർത്ഥികൾ
ഞാൻ പഠിച്ച കോളേജാണ്. പുതിയ ചുമതല ഏറ്റെടുത്ത് ഇവിടേക്ക് വന്നപ്പോൾ വല്ലാത്ത സന്തോഷമാണ്. മിക്സഡ് കോളേജുകളിലേക്കാൾ ബോൾഡാണ് ഞങ്ങളുടെ പെൺകുട്ടികൾ.
ഡോ. എസ്.ജിഷ , പ്രിൻസിപ്പൽ
ജീവിതത്തെ കുറിച്ച് സ്വന്തമായി അഭിപ്രായവും വിശാലമായ കാഴ്ചപ്പാടും ഉള്ളവരാണ് ഇപ്പോഴത്തെ പെൺകുട്ടികൾ. പിന്നോട്ട് പോകാനല്ല, മുന്നേറാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
നിമിഷ , ചെയർപേഴ്സൺ