തഴവ: ദേശീയപാത വികസനത്തിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങളിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കപ്പെടാത്തതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. പ്രതിദിനം ആയിരക്കണക്കിന് ആളുകളും അതിലിരട്ടി വാഹനങ്ങളും കടന്നു പോകുന്ന ദേശീയപാതയിൽ ഈ രണ്ടു ഘടകങ്ങളെയും ഗൗരവത്തിലെടുക്കാതെയാണ് പ്രവൃത്തികൾ നടക്കുന്നത്.
ദേശീയപാതയിൽ ചങ്ങൻകുളങ്ങര ജംഗ്ഷനിൽ സ്ഥാപിച്ച മിനി അണ്ടർ പാസ് അപകടക്കെണിയാണെന്ന് കഴിഞ്ഞ ആഗസ്റ്റ് 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, അധികൃതർ അവഗണിച്ചു. രണ്ടു മാസം കഴിഞ്ഞ് ഒക്ടോബർ അവസാനം, ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി, അണ്ടർപാസിലൂടെ മറ്റൊരു സ്കൂട്ടർ കടന്നുവന്നതിനെത്തുടർന്ന് നിയന്ത്രണംതെറ്റി ലോറിക്കടിയിലേക്കു വീണ് ദാരുണമായി മരിച്ചു. ഇതോടെ അണ്ടർ പാസ് താത്കാലികമായി അടച്ചു.
ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ ദേശീയപാതയിലെ ആറിടങ്ങൾ നിലവിൽ പൂർണമായും ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയാണ്. നിലവിലുണ്ടായിരുന്ന ടാറിംഗ് ഭാഗം, റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ഇളക്കി മാറ്റി. ഇവിടങ്ങളിൽ നൂറ് കണക്കിന് ചെറിയ കുഴികൾ രൂപപ്പെട്ടത് വലിയ അപകട ഭീഷണിയാണ്. ബസ് യാത്രികരുടെ നടുവ് ഉളുക്കും വിധമാണ് ഈ ഭാഗത്തു കൂടിയുള്ള യാത്ര. തിരക്കേറിയ പുതിയകാവ് ജംഗ്ഷനിൽ അണ്ടർ പാസ് നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ച് മാറ്റിയെങ്കിലും ശരിയായ ബദൽ പാത ഒരുക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ ഇവിടെ രൂക്ഷമായ ഗതാഗത തടസമാണ് യാത്രക്കാർ നേരിടുന്നത്.
ബുദ്ധിമുട്ടിന് വിലയില്ല
കിഴക്കൻ മേഖലകളിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ പുതിയകാവിലെത്തിയാൽ, ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവയെ മറികടന്നു പോകാൻ കാത്തുകിടക്കേണ്ട ഗതികേടാണ്. സ്കൂൾ കുട്ടികളും ജീവിനക്കാരുമുൾപ്പെടെ കൂടുതൽ യാത്രക്കാരും യാത്രാ വാഹനങ്ങളുമുള്ള സമയങ്ങളിൽപ്പോലും നിർമ്മാണ ആവശ്യത്തിന് ഗതാഗതം തടസപ്പെടുത്താറുണ്ട്. പക്ഷേ, ഈ ബുദ്ധിമുട്ടുകൾ കണ്ടതായിപ്പോലും അധികൃതർ നടിക്കില്ല. റോഡ് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്ന ടോറസ് ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങൾ ദീർഘനേരം ഗതാഗതം തടസപ്പെടുത്തി ലോഡ് ഇറക്കുന്നത് തിരക്കുള്ള സമയത്തു പോലും പതിവ് കാഴ്ചയാണ്.