xp
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10ന് ഗതാഗതം തടസപ്പെടുത്തി പാതയ്ക്ക് കുറുകെ നിറുത്തിയിട്ടിരിക്കുന്ന വലിയ ക്രെയിൻ

തഴവ: ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായ നി​ർമ്മാണ പ്രവർത്തനങ്ങളി​ൽ യാതൊരു മാനദണ്ഡങ്ങളും പാലി​ക്കപ്പെടാത്തതി​നാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതി​വായി​. പ്രതി​ദി​നം ആയി​രക്കണക്കി​ന് ആളുകളും അതി​ലി​രട്ടി​ വാഹനങ്ങളും കടന്നു പോകുന്ന ദേശീയപാതയി​ൽ ഈ രണ്ടു ഘടകങ്ങളെയും ഗൗരവത്തി​ലെടുക്കാതെയാണ് പ്രവൃത്തി​കൾ നടക്കുന്നത്.

ദേശീയപാതയിൽ ചങ്ങൻകുളങ്ങര ജംഗ്ഷനിൽ സ്ഥാപിച്ച മിനി അണ്ടർ പാസ് അപകടക്കെണിയാണെന്ന് കഴി​ഞ്ഞ ആഗസ്റ്റ് 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, അധി​കൃതർ അവഗണി​ച്ചു. രണ്ടു മാസം കഴി​ഞ്ഞ് ഒക്ടോബർ അവസാനം, ഭർത്താവി​നൊപ്പം സ്കൂട്ടറി​ൽ സഞ്ചരി​ക്കുകയായി​രുന്ന യുവതി​, അണ്ടർപാസി​ലൂടെ മറ്റൊരു സ്കൂട്ടർ കടന്നുവന്നതി​നെത്തുടർന്ന് നി​യന്ത്രണംതെറ്റി ലോറി​ക്കടി​യി​ലേക്കു വീണ് ദാരുണമായി​ മരി​ച്ചു. ഇതോടെ അണ്ടർ പാസ് താത്കാലി​കമായി​ അടച്ചു.

ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ ദേശീയപാതയി​ലെ ആറി​ടങ്ങൾ നിലവിൽ പൂർണമായും ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയാണ്. നിലവിലുണ്ടായിരുന്ന ടാറിംഗ് ഭാഗം, റോഡ് നിർമ്മാണവുമായി​ ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ഇളക്കി മാറ്റി. ഇവി​ടങ്ങളി​ൽ നൂറ് കണക്കിന് ചെറിയ കുഴികൾ രൂപപ്പെട്ടത് വലി​യ അപകട ഭീഷണി​യാണ്. ബസ് യാത്രി​കരുടെ നടുവ് ഉളുക്കും വി​ധമാണ് ഈ ഭാഗത്തു കൂടി​യുള്ള യാത്ര. തിരക്കേറിയ പുതിയകാവ് ജംഗ്ഷനിൽ അണ്ടർ പാസ് നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ച് മാറ്റിയെങ്കിലും ശരിയായ ബദൽ പാത ഒരുക്കാൻ അധി​കൃതർ തയ്യാറായി​ല്ല. ഇതോടെ ഇവിടെ രൂക്ഷമായ ഗതാഗത തടസമാണ് യാത്രക്കാർ നേരിടുന്നത്.

ബുദ്ധി​മുട്ടി​ന് വി​ലയി​ല്ല

കിഴക്കൻ മേഖലകളിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ പുതിയകാവിലെത്തിയാൽ, ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവയെ മറി​കടന്നു പോകാൻ കാത്തുകിടക്കേണ്ട ഗതികേടാണ്. സ്കൂൾ കുട്ടികളും ജീവിനക്കാരുമുൾപ്പെടെ കൂടുതൽ യാത്രക്കാരും യാത്രാ വാഹനങ്ങളുമുള്ള സമയങ്ങളിൽപ്പോലും നിർമ്മാണ ആവശ്യത്തിന് ഗതാഗതം തടസപ്പെടുത്താറുണ്ട്. പക്ഷേ, ഈ ബുദ്ധി​മുട്ടുകൾ കണ്ടതായി​പ്പോലും അധികൃതർ നടി​ക്കി​ല്ല. റോഡ് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്ന ടോറസ് ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങൾ ദീർഘനേരം ഗതാഗതം തടസപ്പെടുത്തി ലോഡ് ഇറക്കുന്നത് തി​രക്കുള്ള സമയത്തു പോലും പതി​വ് കാഴ്ചയാണ്.