കൊല്ലം: ആറുവരി വികസനത്തിന്റെ ഭാഗമായി ദേശീയപാത 66ൽ തുടർച്ചയായി രൂപപ്പെടുന്ന വൻ കുഴികളും കുരുക്കും ഒഴിവാക്കാൻ കരാർ കമ്പനികൾക്ക് സിറ്റി പൊലീസ് കമ്മിഷണറുടെ കർശന നിർദ്ദേശം. സുരക്ഷാ പ്രശ്നങ്ങളും കുരുക്കും രൂപപ്പെടുന്ന സ്ഥലങ്ങൾ കരാർ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ പരിഹരിക്കണമെന്ന് ലാ ആൻഡ് ഓർഡർ എ.സി.പി മാർക്കും കമ്മിഷണർ നിർദ്ദേശം നൽകി.

പ്രധാന ജംഗ്ഷനുകളിലടക്കം പുതിയ സ്ഥലങ്ങളിൽ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് പൊലീസുമായി കൂടിയാലോചിച്ച് ഗതാഗത ക്രമീകരണം ഏർപ്പെടുത്തണമെന്ന് കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. റോഡിലെ കുരുക്കും കുഴികളും സംബന്ധിച്ച് കരാർ കമ്പനികൾക്കെതിരെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സിറ്റി പൊലീസിന്റെ ഇടപെടൽ. ആറുവരിപ്പാതയുടെ നിർമ്മാണം നടക്കുന്ന ജംഗ്ഷനുകളിലടക്കം സർവീസ് റോഡ് വഴിയാണ് ഗതാഗതം. സർവീസ് റോഡ് ടാർ ചെയ്ത് ഉറപ്പിക്കാത്തതിനാൽ കുഴി വ്യാപകമാണ്. മഴ പെയ്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ കുഴികൾ തിരിച്ചറിയാതെ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. പൊടിശല്യവും അതിരൂക്ഷമാണ്. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചവറ, കരുനാഗപ്പള്ളി അടക്കമുള്ള ജംഗ്ഷനുകളിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് സ്ഥിരമാണ്.

പൊലീസ് നിരീക്ഷണം ശക്തമാക്കി

 പ്രധാന സ്ഥലങ്ങളിലെ നിർമ്മാണത്തിന് മുമ്പ് പൊലീസിനെ അറിയിക്കണം

 ഗതാഗത ക്രമീകരണത്തിന് കൂടുതൽ വാർഡന്മാരെ നിയോഗിക്കണം

 റോഡിലെ കുഴികൾ അപ്പപ്പോൾ നികത്തണം

 നിർമ്മാണം നടക്കുന്നിടത്ത് ബാരിക്കേഡ് സ്ഥാപിക്കണം

 വശങ്ങളിൽ കുഴികളുള്ളിടത്തും ബാരിക്കേഡ് സ്ഥാപിക്കണം

 റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണം

മഴയിൽ മുങ്ങി നിർമ്മാണം

 മഴ കാരണം നിർമ്മാണം ഇഴയുന്നു

 ആർ.ഇ വാളുകളുടെ നിർമ്മാണം സ്തംഭനത്തിൽ

 ആർ.ഇ വാൾ തീരാത്തതിനാൽ അടിപ്പാതകൾ തുറക്കുന്നില്ല

 പൂർത്തിയാകാൻ ഒരു വർഷത്തിലേറെയെടുക്കും

നിർമ്മാണ പുരോഗതി

കാവനാട്-കടമ്പാട്ടുകോണം റീച്ച്- 55 %

കൊറ്റുകുളങ്ങര- കാവനാട് റീച്ച്- 60 %


കരുനാഗപ്പള്ളിയിലെ ഫ്ലൈ ഓവർ 1200 മീറ്ററാകും

കരുനാഗപ്പള്ളി ജംഗ്ഷനിലെ ഫ്ലൈ ഓവറിന്റെ നീളം 1200 മീറ്ററായി വർദ്ധിപ്പിച്ചേക്കും. ഒരാഴ്ചയ്ക്കുള്ളിൽ ചേരുന്ന എൻ.എച്ച്.എ.ഐ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. നിലവിൽ 720 മീറ്ററാണ് അനുവദിച്ചിട്ടുള്ളത്. ഇടപ്പള്ളിക്കോട്ടയിൽ പുതിയ അടിപ്പാതയും ഈ യോഗത്തിന്റെ പരിഗണയിലുണ്ട്.

പ്രധാന ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗാണ് ഗതാഗത ക്രമീകരണം പാളിക്കുന്നത്. ഇതൊഴിവാക്കാൻ പൊലീസിന്റെ ഇടപെടൽ വേണം.

കരാർ കമ്പനി അധികൃതർ