കൊല്ലം: ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ പ്രവൃത്തിയുടെ വിശദീകരണം മലയാളത്തിൽ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ. ജില്ലാ പഞ്ചായത്ത് ഔദ്യോഗിക ഭാഷാ ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച വിശദമായ ധാരണ പൊതുജനങ്ങൾക്ക് മാതൃഭാഷയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും പി.കെ.ഗോപൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ.എസ് കല്ലേലിഭാഗം അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.എസ്.അനു സ്വാഗതം പറഞ്ഞു. എക്സി. എൻജിനിയർ ജൂല, സീനിയർ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബേബി സനൂജ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ടോജോ ജേക്കബ്, പി.എം.ജി.എസ്.വൈ എക്സി. എൻജിനിയർ ഷാജി ജമാൽ, ജില്ലാ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുനിൽകുമാർ. എസ് എന്നിവർ സംസാരിച്ചു.