കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയ്ക്ക് ആസ്ഥാന മന്ദിരമൊരുക്കാൻ ലക്ഷ്യമിട്ടിരുന്ന ഭൂമി കിട്ടിയില്ല. പകരം അനുവദിച്ചത് സബ് ജയിലിന് സമീപത്തെ കെ.ഐ.പി ഭൂമി.
രവിനഗറിൽ എം.സി റോഡിന്റെ അരികിലായി കെ.ഐ.പി വക 50 സെന്റ് ഭൂമി അനുവദിക്കാനാണ് ശ്രമം നടത്തിയത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടലിനെത്തുടർന്ന് ഭൂമി അനുവദിച്ചു. ഉടമസ്ഥാവകാശം കെ.ഐ.പിയിൽത്തന്നെ നിലനിറുത്തി. ഇതനുസരിച്ച് കെട്ടിടത്തിനുള്ള പ്ളാനും എസ്റ്റിമേറ്റുമൊക്കെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് എം.സി റോഡരികിലെ ഭൂമി ലഭിക്കില്ലെന്നറിഞ്ഞത്. നിലവിലെ നഗരസഭ ആസ്ഥാനത്തിന് മുന്നിൽ നിന്നു തുടങ്ങുന്ന ജയിൽ റോഡിന്റെ അരികിലായി സബ് രജിസ്ട്രാർ ഓഫീസിന്റെ മതിൽ പിന്നിടുമ്പോഴുള്ള കെ.ഐ.പി ക്വാർട്ടേഴ്സുകൾ നിൽക്കുന്ന ഭാഗമാണ് ഇപ്പോൾ അനുവദിച്ചത്. ഇവിടെ കെട്ടിടം നിർമ്മിക്കും.
പഞ്ചായത്തായിരുന്ന കൊട്ടാരക്കര നഗരസഭയായി മാറിയിട്ട് ഏറെ നാളായി. പഴയ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തനം. ഇവിടത്തെ അസൗകര്യങ്ങളിൽ നിന്നു മോചനം ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്.
നിർമ്മാണം വൈകും
ചന്തമുക്കിൽ നഗരസഭയുടെ മൈതാനത്താണ് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. 5 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതും പ്ളാൻ വരച്ചതും. 25 സെന്റ് ഭൂമിയിൽ ഒതുങ്ങുന്നവിധത്തിൽ 7 കോടി രൂപ ചെലവ് വരുന്ന കെട്ടിടത്തിനാണ് വിഭാവനം ചെയ്തത്. ഈ രൂപരേഖയ്ക്ക് അനുമതി ലഭിച്ചതുമാണ്. എന്നാൽ ഇവിടെ കെട്ടിടം നിർമ്മിക്കേണ്ടെന്ന് പിന്നീട് തീരുമാനിച്ചു. കെ.ഐ.പി ഭൂമി അനുവദിച്ചതിനാൽ പഴയ പ്ളാനും എസ്റ്റിമേറ്റും പോരാതെവന്നു. പുതിയ പ്ളാൻ തയ്യാറാക്കി. തുകയും അനുവദിച്ചു. എന്നാൽ കെട്ടിട നിർമ്മാണം വൈകുമെന്നാണ് സൂചന.