കൊല്ലം: പ്രേരക്മാരുടെ വേതനം പൂർണമായും അവർ ജോലി ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തന്നെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള പ്രേരക് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനുമാണ് നൽകേണ്ടത്. ഇതിൽ പലപഞ്ചായത്തുകളും സാക്ഷരതാ മിഷന്റെ വിഹിതം മുൻകൂട്ടി നൽകാൻ തയാറാകുന്നില്ല.
അതിനാൽ തുച്ഛമായ ഓണറേറിയം പലയിടത്തും പൂർണമായും സമയബന്ധിതമായും ലഭിക്കുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ട പ്രേരക്മാരെ ജീവനക്കാരായി അംഗികരിച്ച് അവർക്ക് മിനിമം വേതനം ഉറപ്പുവരുത്തണമെന്നും എ.കെ.പി.യു ആവശ്യപ്പെട്ടു.
നോഡൽ പ്രേരകുമാരെ ബ്ലോക്ക് തലത്തിൽ നിലനിറുത്തുകയും ഓണറേറിയം കൊടുക്കുന്നതിന് സർക്കാർ ഉത്തരവ് ഇറക്കണമന്നും പ്രേരക്മാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുകയും വിരമിക്കുന്നവർക്ക് ഗ്രാറ്റുവിറ്റി ഉൾപ്പടെയുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്നും ഓൾ കേരള പ്രേരക് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, വർക്കിംഗ് പ്രസിഡന്റ് കെ.പി.അശോകൻ, ജനറൽ സെക്രട്ടറി ജി.രാജീവ് എന്നിവർ ആവശ്യപ്പെട്ടു.