ns

കൊല്ലം: ജീവിതഗുണമേന്മയിൽ മുന്നേറുമ്പോൾ തന്നെ ശാസ്ത്രബോധവും യുക്തിബോധവും നഷ്ട‌പ്പെടുന്ന തലമുറയായി നാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ജ്യോതിശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവും സർവവിജ്ഞാനകോശം മുൻഡയറക്ടറുമായ പ്രൊഫ. കെ.പാപ്പുട്ടി പറഞ്ഞു. എൻ.എസ് ആശുപത്രിയുടെ സാംസ്‌കാരിക വിഭാഗമായ എൻ.എസ്‌ പബ്ലിക് ലൈബ്രറിയും എൻ.എസ് നഴ്സിംഗ് കോളേജും സംയുക്തമായി നടത്തിയ 'ജ്യോതിഷവും ജ്യോതിശാസ്ത്രവും" എന്ന സംവാദത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ക്ലോക്ക് ഇല്ലാത്ത കാലത്ത് സമയം കണക്കാക്കിയിരുന്നത് സൂര്യനെ നോക്കിയായിരുന്നു. കാർഷികാവശ്യത്തിനും കാലാവസ്ഥ നിർണയത്തിനുമായിരുന്നു രാശികളും 27 നക്ഷത്രങ്ങളുടെ സ്ഥാനവും നിർണയിച്ചത്. ആദി സംസ്‌കാരത്തിൽ ഇവയൊക്കെ മനുഷ്യരാശിക്ക് ജീവിക്കാനുള്ള അറിവുകളായിരുന്നു. പൗരോഹിത്യത്തിന്റെ ചൂഷണരൂപമായാണ് വ്യക്തിജീവിതത്തിലെ ഫലഭാഗ ജ്യോതിഷം വികസിച്ചതെന്നും ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ സംവാദം ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് വേണ്ടി പി.രാജേന്ദ്രനും എൻ.എസ് പബ്ലിക് ലൈബ്രറിക്ക് വേണ്ടി പ്രസിഡന്റ് അഡ്വ. ഡി.സുരേഷ്‌കുമാറും പ്രൊഫ. കെ.പാപ്പുട്ടിയെ പൊന്നാടയും സ്നേഹാദരവും നൽകി ആദരിച്ചു. അഡ്വ. ഡി.സുരേഷ്‌കുമാർ അദ്ധ്യക്ഷനായി.

കൊല്ലം പരിസരകേന്ദ്രം ചെയർമാനായ ഡോ.ജോർജ് ഡിക്രൂസ്, ആശുപത്രി സെക്രട്ടറി പി.ഷിബു, എൻ.എസ്‌ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൻ.സുരേഷ്, പരിഷത്ത് ജില്ലാ സെക്രട്ടറി കെ.മോഹനൻ, ആശുപത്രി ഭരണസമിതിയംഗം എസ്.സുൽബത്ത്, പി.ആർ.ഒ ജയ്‌ഗണേഷ്, ശോഭ ആനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ സ്വാഗതവും നഴ്‌സിംഗ് കോ ഓർഡിനേറ്റർ വിലാസിനിഅമ്മ നന്ദിയും പറഞ്ഞു.