കൊല്ലം: വ്യാപക പരാതികളെ തുടർന്ന് നഗരത്തിലെ ആംബുലൻസ് ഡ്രൈവർമാർക്ക് മൂക്കുകയറിട്ട് സിറ്റി പൊലീസ് കൊല്ലം സബ് ഡിവിഷൻ. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ ഒഫ് എമർജൻസി ആംബുലൻസ് ഗൈഡ്ലൈൻ പ്രകാരമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ ഈമാസം 11 മുതൽ ആംബുലൻസ് ഓടിക്കാൻ അനുവദിക്കൂ.

നഗരത്തിലെ പല ആശുപത്രികളുടെയും മുന്നിൽ ആംബുലൻസുകൾ പാർക്ക് ചെയ്തേക്കുമെങ്കിലും അത്യാവശ്യത്തിന് എത്തുമ്പോൾ ഡ്രൈവർമാർ കാണില്ല. ആംബുലൻസിലെ നമ്പരിൽ വിളിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ ഡ്രൈവർ സ്ഥലത്തെത്തും. ഇതിന് പുറമേ ലൈസൻസില്ലാത്തവരും ആംബുലൻസ് ഓടിക്കുന്നുണ്ട്. പരിശീലനം നേടിയ മെഡിക്കൽ ടെക്നീഷ്യൻ ഒപ്പമുണ്ടാകണമെന്ന ചട്ടവും പാലിക്കുന്നില്ല. ഇതിന് പുറമേ യഥാർത്ഥ നിരക്കിനേക്കാൾ കൂടുതൽ തുക കൂലി വാങ്ങുന്നു. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം ആംബുലൻസ് ഓടിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ.

ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് സംബന്ധിച്ച അറിയിപ്പ് കൊല്ലം സബ് ഡിവിഷനിലെ എസ്.എച്ച്.ഒമാർ നഗരത്തിലെ എല്ലാ ആംബുലൻസ് ഉടമകൾക്കും കൈമാറിയിട്ടുണ്ട്. 11 മുതൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ പിടികൂടാൻ നഗരത്തിൽ പരിശോധന ഉണ്ടാകും.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

 രണ്ട് വർഷം കൂടുമ്പോൾ സർട്ടിഫിക്കറ്റ് പുതുക്കണം

 വെളുത്ത നിറത്തിലുള്ള യൂണിഫോം നിർബന്ധം

 ഇളം നീല ജാക്കറ്റുമാകാം

 പത്താം ക്ലാസ് പാസായിരിക്കണം
 ആംബുലൻസ് പാർക്ക് ചെയ്യുമ്പോൾ ഡ്രൈവർ ഒപ്പമുണ്ടാകണം
 ഡ്രൈവർമാർ ഇല്ലാതെ ആംബുലൻസുകൾ റോഡിൽ ഇടരുത്

 സർവീസ് നടത്തുമ്പോൾ പാരാ മെഡിക്കൽ സ്റ്റാഫുമുണ്ടാകണം

ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

എസ്.ഷെരീഫ്,

കൊല്ലം എ.സി.പി