 വിജ്ഞാനദീപം ഓഡിയോ ലൈബ്രറി അംഗങ്ങളുടെ സംഗമം ഇന്ന്

കൊല്ലം: കാഴ്ചയുടെ പരി​മി​തി​ക്കുള്ളി​ൽ നി​ന്ന് ആറ് വർഷത്തി​നി​ടെ അവർ വായി​ച്ചുകേട്ടത് 4939 പുസ്തകങ്ങൾ. കാഴ്ച പരി​മി​തരായ വിജ്ഞാനദീപം ഓഡിയോ ലൈബ്രറി അംഗങ്ങളുടെയും ഒപ്പം വോളണ്ടിയർമാരുടെയും സംഗമവും വിവിധ പരിപാടികളും ഇന്ന് കൊല്ലം ടി.കെ.എം ആർട്സ് കോളേജിൽ അരങ്ങേറുമ്പോൾ അതി​ന് വ്യത്യസ്തതകൾ ഏറെ.

2018ൽ കാസർകോട് സ്വദേശി റൗഫ് മാണിക്കോത്തിന്റെ മനസിൽ തോന്നിയ ആശയം വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയായി 900 കാഴ്ചപരിമിതരുടെ ജീവനും ശ്വാസവുമായി മാറിക്കഴി​ഞ്ഞു.സാമൂഹിക മാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തിയാണ് കാഴ്ചപരിമിതരുടെ കൂട്ടായ്മ പ്രവർത്തനം. ടെലി​ഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വേൾഡ് ഒഫ് ലൈറ്റ് എന്ന പേരിൽ ഏഴുപേരെ ഉൾപ്പെടുത്തി തുടങ്ങിയ വാട്സ്ആപ് കൂട്ടായ്മയായിരുന്നു തുടക്കം. ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ ശബ്ദ രൂപത്തിലാക്കി പോസ്റ്റ് ചെയ്തു തുടങ്ങി. ടെലി​ഗ്രാമിലേക്ക് മാറിയപ്പോഴാണ് നോവലുകളടക്കം വലിയ പുസ്തകങ്ങൾ വായിച്ച് ശബ്ദരേഖയിടാൻ സൗകര്യമായത്.

ഒരു നോവലിന് 100 വോയിസ് ക്ളിപ്പ്

ഒരു നോവൽ വായിച്ച് നൂറ് വോയിസ് ക്ളിപ്പാക്കി സംഘാടകർക്ക് നൽകിയാൽ എഡിറ്റിംഗ് നടത്തി, സൈസ് കുറച്ചാണ് ഗ്രൂപ്പിൽ പോസ്റ്റുക. പുസ്തകത്തിന്റെ കവർ പേജ്, എഴുത്തുകാരൻ, ചിത്രങ്ങൾ, തലക്കെട്ടിന്റെ രൂപഭംഗി എന്നിവയൊക്കെ പറഞ്ഞിട്ടാണ് ഉള്ളടക്കത്തിലേക്ക് കടക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലുമായി കൂട്ടായ്മയെ സഹായിക്കാൻ 400 വോളണ്ടിയർമാരുണ്ട്. ഇവർക്ക് പുറമെയുള്ളവർക്കും സഹകരിക്കാം. പി.എസ്.സി, യു.ജി.സി അടക്കം പല പരീക്ഷകൾക്കുമുള്ള പഠനപ്രവർത്തനങ്ങളുമുണ്ട്. മലയാളം മാത്രമല്ല, ഇംഗ്ളീഷടക്കം മറ്റ് പുസ്തകങ്ങളും ശബ്ദരേഖയായി ഗ്രൂപ്പിൽ കിട്ടും. പുലർച്ചെ നാലരമുതൽ ദിനപ്പത്രങ്ങൾ വായിച്ച് പോസ്റ്റ് ചെയ്യും. സംഗമം ഇന്ന് രാവി​ലെ 10ന് പി​.സി​. വി​ഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയിൽ അംഗമാകാൻ പണച്ചെലവില്ല. 40 ശതമാനത്തിന് മുകളിൽ കാഴ്ചപരിമിതി ഉള്ളവർക്കുവേണ്ടിയാണി​ത്. മലയാളം, ഇംഗ്ളീഷ് ലൈബ്രറികൾ, ടീച്ചേഴ്സ്, സ്റ്റുഡന്റ് ലൈബ്രറികൾ, കരിയർ ഗൈഡൻസ് തുടങ്ങി അഞ്ച് വിഭാഗങ്ങളുണ്ട്.

സന്തോഷ് കരുനാഗപ്പള്ളി,

പ്രോഗ്രാം കൺവീനർ