അഞ്ചൽ: അഞ്ചൽ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം നാളെ മുതൽ 14 വരെ അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിൽ നടക്കും. ഉപജില്ലയിലെ എൽ.പി. മുതൽ ഹയർസെക്കൻഡറി തലംവരെയുള്ള 80 സ്കൂളൂകളിൽ നിന്നായി ആയ്യായിരത്തോളം വിദ്യാർത്ഥികൾപങ്കെടുക്കും. ഏഴ് വേദികളുണ്ട്.
നാളെ രാവിലെ 9ന് അഞ്ചൽ എ.ഇ.ഒ എ. ജഹ്ഫറുദ്ദീൻ പതാകഉയർത്തും. 10 മുതൽ വിവിധ വേദികളിലായി രചനാ മത്സരങ്ങൾ. 12 ന് രാവിലെ 8.30ന് ബി.വി യു.പി സ്കൂളിൽ നിന്നു വിളംബര ഘോഷയാത്ര ആരംഭിച്ച് ഈസ്റ്റ് സ്കൂളിൽ സമാപിക്കും. 9ന് പി.എസ്. സുപാൽ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിക്കും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യാതിഥിയാവും. 14 ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി അഡ്വ. കെ. രാജു, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് ചെയർമാനായും ഈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ കെ. അനസ് ബാബു ജനറൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. നൗഷാദ്, അംഗങ്ങളായ തോയിത്തല മോഹനൻ, അഖിൽ രാധാകൃഷ്ണൻ, ജാസ്മിൻ മഞ്ചൂർ, ജനറൽ കൺവീനർ കെ. അനസ് ബാബു, എ.ഇ.ഒ എ. ജഹ്ഫറുദ്ദീൻ, ഷെഫീക്ക് റഹ്മാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.