കൊല്ലം: രേഖകളില്ലാതെ ട്രെനിയിനിൽ കടത്തിക്കൊണ്ടുവന്ന 36 ലക്ഷം രൂപ റെയിൽവേ പൊലീസ് ആര്യങ്കാവിൽ പിടികൂടി. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് കുഴൽപ്പണവും മറ്റ് ലഹരി വസ്തുക്കളും അന്യസംസ്ഥാനത്ത് നിന്ന് എത്താൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയിരുന്നു.
മധുരയിൽ നിന്നുള്ള ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ജനറൽ കോച്ചിൽ സഞ്ചരിക്കുകയായിരുന്ന കാവാലം സ്വദേശിയുടെ ഷോൾഡർ ബാഗിലായിരുന്നു പണം. തമിഴ്നാട്ടിൽ ആഭരണങ്ങൾ വിറ്റ പണമെന്നായിരുന്നു വിശദീകരണമെങ്കിലും രേഖകൾ കൈവശമുണ്ടായിരുന്നില്ല. പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. ട്രഷറിയിലേക്ക് മാറ്റിയ പണം വരുമാന നികുതി വകുപ്പിന് കൈമാറും. ഇവരാകും തുടരന്വേഷണം. രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പുനലൂർ-ചെങ്കോട്ട പാതയിൽ നിന്ന് രേഖകളില്ലാതെ പണം പിടികൂടുന്നത്. പുനലൂർ റെയിൽവേ പൊലീസ് എസ്.ഐ ജി.ശ്രീകുമാർ,ഗ്രേഡ് എസ്.ഐ എം.എസ്.ശ്രീകുമാർ,സി.പി.ഒമാരായ മനു,അരുൺമോഹൻ,ഷെമീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.