കൊല്ലം: ശാസ്ത്ര ബോധത്താലും അനുഷ്ഠാനനിഷ്ഠയാലും അനുഗൃഹീതരായാലും പക്വതയില്ലാത്തവരുടെ ഇടയിൽ പ്രവർത്തിക്കേണ്ടതായി വന്നേക്കാമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ. അറിവും പക്വതയും ഇല്ലാത്തവരോട് അസഹിഷ്ണുത കാണിക്കരുത്. അവർ തെറ്റാണെന്ന് വിധിക്കരുത്, അവരിൽ ബുദ്ധിഭേദം സൃഷ്ടിക്കരുത്. തെറ്റുകളും നോട്ടക്കുറവുകളും തിരുത്തപ്പെടണം. എന്നാൽ സ്നേഹത്തോടെ, സഹിഷ്ണുതയോടെ സാവകാശം വേണം അക്കാര്യം നിർവഹിക്കാനെന്നും അദ്ദേഹം പറഞ്ഞു.
വ്യാസപ്രസാദം 24 വേദിയിൽ 25-ാം ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെറ്റ് തിരുത്താൻ അമിതാവേശം കാണിക്കുന്നത് സ്ഥിതിഗതികളെ വഷളാക്കിയതിന് ഉദാഹരണങ്ങൾ സുലഭമാണ്. സ്വന്തം മനസിലെ അലോസരങ്ങൾ ശാന്തമാക്കാൻ ആദ്യം ശ്രമിക്കണം. എങ്കിലേ മറ്റുള്ളവരെ തിരുത്താനുള്ള അവകാശം കൈവരികയുള്ളൂ. എടുത്തുചാടി തിരുത്താൻ മുതിർന്നാൽ അവിവേകികൾ ഒരു പക്ഷേ പദ്ധതി ഉപേക്ഷിച്ചു പോയേക്കാം. അല്ലെങ്കിൽ വിപ്ലവത്തിന് കോപ്പുകൂട്ടും. എന്തെങ്കിലും ചെയ്യുന്നവരെ അഭിനന്ദിച്ച് കൂടെ നിൽക്കാം. ഉത്തമ മാതൃക പുലർത്തി അവരെ സ്വാധീനിക്കാം. തത്വ വിവേകം ഇല്ലാത്തവർ വീക്ഷണ വൈകല്യം കാരണം 'ഞാൻ കർമ്മം ചെയ്യുന്നു' എന്നഭിമാനിക്കും. അദ്ധ്വാനം കൊണ്ട് തളരുന്നതിനേക്കാൾ അനാവശ്യ മാനസിക സമർദ്ദങ്ങൾ കൊണ്ടാണ് ഏറെപ്പേരും തളരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിലെ മുഖമണ്ഡപത്തിൽ നടക്കും.