ഓച്ചിറ: ദേവസ്വം ബോർഡ് അധീനതയിലുള്ള ഓച്ചിറ മഹാലക്ഷ്മിക്ഷേത്രം ശബരിമല ഇടത്താവളമാക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം ബോർഡംഗം എ. അജികുമാർ പറഞ്ഞു. ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ആര്യങ്കാവ്, കുളത്തൂപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളോടൊപ്പം ഓച്ചിറയും ഇടത്താവളമാക്കുന്നത് പരിഗണയിലാണ്. ദേവസ്വം ബോർഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളുടെ ഭൗതിക സൗകര്യങ്ങളും പഞ്ചാത്തല സൗകര്യങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓച്ചിറ മഹാലക്ഷ്മിക്ഷേത്രം, ശാസ്താക്ഷേത്രം, ഭജനമഠം എന്നിവിടങ്ങളിൽ 27 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വഴിപാടുകളും സംഭാവനകളും സ്വീകരിക്കാൻ ശബരിമല മാതൃകയിൽ മറ്റു ക്ഷേത്രങ്ങളിലും ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തും. നിലവിൽ രാത്രി എട്ടു വരെയാണ് ഓച്ചിറയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ദർശനസമയം. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് ദർശന സമയം വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കും. ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രത്തോടനുബന്ധിച്ച ഭജന മഠത്തിലെ മുറികളുടെ വാടക കുറച്ച് അവിടെ കെയർടേക്കറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.