കൊല്ലം: ക്രിസ്മസ് ആവശ്യത്തിന് നിർമ്മിച്ച മുന്തിരി വൈൻ മദ്യമാണെന്ന് ആരോപിച്ച് എക്സൈസെടുത്ത കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. കൊല്ലം അസി. സെഷൻസ് ജഡ്‌ജ് ഡോ. ടി.അമൃതയാണ് സാക്ഷിവിസ്താരം കൂടാതെ പ്രതിയെ വെറുതെ വിട്ടത്.
2020 ഡിസംബർ 16ന് തൃക്കടവൂർ മതിലിൽ ചേരിയിൽ വിധവയായ പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് കൊല്ലം എക്സൈസ് 265 ലിറ്റർ വൈൻ കണ്ടെടുത്തത്. എന്നാൽ സാമ്പിൾ പരിശോധനയിൽ ഈഥയിൽ ആൽക്കഹോൾ 4 ശതമാനത്തിൽ താഴെയായിരുന്നു. ഇത് വൈനിൽ കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന രാസവ്യത്യാസം മാത്രമാണെന്നും കേരള അബ്കാരി നിയമത്തിന്റെയോ ഫോറിൻ ലിക്വർ ചട്ടങ്ങളുടെയോ കേരള വൈനറി നിയമത്തിന്റെയോ ലംഘനമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് പ്രഥമദൃഷ്ടിയാൽ കേസ് നിലനിൽക്കുന്നതല്ലെന്ന് കണ്ട് സാക്ഷിവിസ്താരം കൂടാതെ പ്രതിയെ വെറുതെവിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. ഫ്രാൻസി ജോൺ, അഡ്വ. മുഹമ്മദ് അമീൻ, അഡ്വ. വിശാഖ് ഹർഷ എന്നിവർ ഹാജരായി.