കൊല്ലം: മൺറോത്തുരുത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കല്ലടയാറ്റി​ൽ നിർമ്മിക്കുന്ന കണ്ണങ്കാട്ട് കടവ് പാലത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള പുനരധിവാസ, പുന:സ്ഥാപന പാക്കേജ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അവാർഡ് തുക അനുവദിച്ച രേഖ ഗുണഭോക്താക്കൾക്ക് കൈമാറി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന്റെയും അനുബന്ധ റോഡുകളുടേയും ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള തുകയാണ് നൽകിയത്. മൺറോത്തുരുത്ത് വില്ലേജിൽ നിന്ന് 42.68 ആർസും പടിഞ്ഞാറേ കല്ലട വില്ലേജിൽ നിന്ന് 11.87 ആർസും ഉൾപ്പെടെ 54.55 ആർസ് (1 ഏക്കർ 34.739 സെന്റ്) ഭൂമിയാണ് ഏറ്റെടുത്തത്. നഷ്ടപരി​ഹാരമായി​ 4.41 കോടിയാണ് വിതരണം ചെയ്തത്.
കളക്ടർ എൻ. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ, എ.ഡി.എം ജി. നിർമ്മൽകുമാർ, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എഫ്. റോയ്‌കുമാർ, കിഫ്ബി ലാൻഡ് അക്വിസിഷൻ ഓഫീസർ ബി. ദ്വിതീപ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജി. അരുൺകുമാർ, കെ.ആർ.എഫ്.ബി എക്‌സി. എൻജിനിയർ ദീപ ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.