കരുനാഗപ്പള്ളി: നഗരസഭയിലെ കിടപ്പുരോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്കും സൗജന്യ സേവനം നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കിടപ്പു രോഗികളായ പാലിയേറ്റീവ് രോഗികൾക്ക് ഇനി നഗരസഭയുടെ ആംബുലൻസ് സൗജന്യ സേവനം നൽകും. ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് കൈമാറിയ ആംബുലൻസാണ് പ്രയോജനപ്പെടുത്തുന്നത്. കൂടാതെ നഗരസഭയുടെ അധീനതയിലുള്ള ആധുനിക ശ്മശാനത്തിൽ ബി.പി.എൽ കുടുംബങ്ങൾക്കുള്ള സംസ്കാര ചടങ്ങുകൾ സൗജന്യമായിരിക്കും. നിലവിൽ ശ്മശാനത്തിലെ സംസ്കാര ചടങ്ങുകൾക്ക് 4000 രൂപയാണ് ഫീസായി ഈടാക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുർബലരും നിർദ്ധനരുമായ ജന വിഭാഗങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.