pranava

കൊല്ലം: വേദങ്ങളുടെ ആഴങ്ങളിലേക്കുള്ള സഞ്ചാരമാണ് റിട്ട. അദ്ധ്യാപകനായിരുന്ന ജി.കേശവൻ നായരെ പ്രണവാനന്ദ തീർത്ഥപാദർ എന്ന മഹാസന്യാസിവര്യനാക്കിയത്. വേദങ്ങളുടെ പൊരുളുകൾ ജനങ്ങൾക്ക് പകർന്നുനൽകാനുള്ള യാത്രയാണ് അദ്ദേഹത്തെ ചട്ടമ്പി സ്വാമിയുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിലെത്തിച്ചത്.

വിവിധ സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകനായിരിക്കെ ഒഴിവുവേളകളിലെല്ലാം അദ്ദേഹം സ്റ്റാഫ് റൂമിലിരുന്നു പുസ്തകങ്ങൾ വായിക്കുമായിരുന്നു. 1988ൽ കൊട്ടാരക്കര ബോയ്സ് സ്കൂളിൽ നിന്ന് വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പലായി വിരമിച്ച ശേഷം പുത്തൂർ കരിമ്പിൻപുഴ ശിവശങ്കര ആശ്രമം, കൊട്ടാരക്കര അവധൂതാശ്രമം എന്നിവിടങ്ങളിലെ നിത്യസന്ദർശകനായി. അവിടെ രാവിലെയും വൈകിട്ടും കുട്ടികളെക്കൂട്ടി വേദഭാഗങ്ങൾ ചൊല്ലിപ്പഠിപ്പിച്ചു. പതിവായി പോകുന്നത് ആശ്രമങ്ങളിലേക്കാണെന്ന് ആദ്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് പന്മന ആശ്രമത്തിലെ സന്ദർശകനായതോടെ പലദിവസങ്ങളിലും വീട്ടിൽ മടങ്ങിയെത്താതെയായി. ഇതോടെയാണ് അദ്ദേഹത്തിന്റെ ആശ്രമയാത്രകൾ ബന്ധുക്കൾ അറിഞ്ഞത്.

പന്മന ആശ്രമത്തിൽ എത്തിയ ശേഷവും കുട്ടികൾക്കും മുതിർന്ന ഭക്തർക്കും സംസ്കൃതം, വേദാന്തം, ഭഗവത്ഗീത, നാരായണീയം എന്നിവയിൽ ക്ലാസെടുക്കുമായിരുന്നു. പഠിപ്പിക്കുന്ന ഭാഗങ്ങൾ ഹൃദിസ്ഥമാക്കി തൊട്ടടുത്ത ദിവസം ചൊല്ലുന്ന കുട്ടികൾക്ക് സമ്മാനം നൽകാനായി പെൻഷന്റെ വലിയൊരു തുക സ്ഥിരമായി നീക്കിവയ്ക്കുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് ആത്മീയപ്രഭാഷണവും നടത്തുമായിരുന്നു.

ഐവർകാല കിഴക്കേക്കര ഗവ. ഡി.വി എൽ.പി.എസിലായിരുന്ന പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേഷം പുത്തൂർ പാങ്ങോട് സ്കൂളിൽ നിന്ന് സംസ്കൃതം ശാസ്ത്രി പരീക്ഷ പാസായി. അതിന് ശേഷം ടി.ടി.സിയും എസ്.എസ്.എൽ.സിയും ഒരുമിച്ച് പഠിച്ചു. ഏറെ വൈകാതെ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ പ്രൈവറ്റായി പഠിച്ച് മലയാള സാഹിത്യത്തിൽ ബിരുദമെടുത്തു. 1961ൽ ബി.എഡ് എടുത്തതോടെ കൊട്ടാരക്കര ഗേൾസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായി. തുടർന്ന് 18 വർഷക്കാലം പുത്തൂർ ഗവ. എച്ച്.എസിൽ അദ്ധ്യാപകനായിരുന്നു. ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് 1984ൽ കണ്ണൂരിലേക്ക് പോയി. 1987ൽ കൊട്ടാരക്കര ബോയ്സിൽ തിരിച്ചെത്തി.

ഞാങ്കടവ് പാലത്തിന്റെ ശില്പി

കല്ലടയാറ്റിന് കുറുകെ ഞാങ്കടവിൽ പാലം യാഥാർത്ഥ്യമായത് സന്യാസം സ്വീകരിക്കുന്നതിന് മുമ്പേ പ്രണവാനന്ദ തീർത്ഥപാദർ നടത്തിയ ഇടപെടലിലാണ്. അദ്ധ്യാപകനായിരിക്കെ അദ്ദേഹം സർക്കാർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങിയാണ് ‌ഞാങ്കടവ് പാലത്തിനുള്ള പദ്ധതി രൂപപ്പെടുത്തിയത്. പിന്നീട് സന്യാസം സ്വീകരിച്ച ശേഷമാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുത്തു.