
കൊല്ലം: കേരള നവോത്ഥാനത്തിന്റെ ആഴങ്ങൾ ചുവരുകളിൽ ചിത്രങ്ങളായി നിറച്ച് വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലേക്ക് കൈമാറി എസ്.എൻ.ഡി.പി യോഗം നീരാവിൽ ഹയർ സെക്കൻഡറി സ്കൂൾ. ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമി, അയ്യങ്കാളി അടക്കം 55 ഓളം നവോത്ഥാന നായകരുടെ ചിത്രങ്ങളും അവരുടെ ധീരമായ സംഭാവനകളടങ്ങിയ വിശദമായ കുറിപ്പുകളും കൊണ്ട് സമ്പന്നമാണ് ചരിത്ര ചിത്രപ്രദർശനം.
പ്ലസ് ടു ഹ്യുമാനിറ്റിസ് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ഹയർ സെക്കൻഡറി ഹിസ്റ്ററി അദ്ധ്യാപകനായ പി.രാജാബിനു നൽകിയ പഠനാനുബന്ധ പ്രവർത്തനമാണ് വിശാലമായ ചരിത്ര ചിത്രപ്രദർശനത്തിനുള്ള വിഭവങ്ങളായി മാറിയത്. പാഠപുസ്തകത്തിൽ 21 നവോത്ഥാന നായകരെക്കുറിച്ചുള്ള ചെറുവിവരങ്ങളേയുള്ളു. അതിൽ പലരുടെയും ചിത്രങ്ങളില്ല. പി.രാജാബിനുവിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ ചരിത്രഗ്രന്ഥങ്ങളും പഴയ പത്രങ്ങളും പരതിയാണ് 34 ഓളം നവോത്ഥാന നായകരുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ദീർഘമായ കുറിപ്പുകളും തയ്യാറാക്കിയത്. പിന്നെ രാജാബിനു ഒരുമാസത്തോളമെടുത്ത് എഡിറ്റ് ചെയ്താണ് പ്രദർശനത്തിനുള്ള രൂപത്തിലേക്ക് എത്തിച്ചത്. കേരള നവോത്ഥാനചരിത്രത്തില നിർണായക മുഹൂർത്തങ്ങളുടെ അപൂർവ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പ്രിൻസിപ്പൽ എസ്. ദീപ്തി, ഹെഡ്മിസ്ട്രസ് ജെ.മായ, പി.ടി.എ പ്രസിഡന്റ് എം.ഹുസൈൻ, സ്കൂൾ മാനേജ്മെന്റ് എന്നിവരും വലിയ പിന്തുണ നൽകി.
ഗുരുദേവൻ സമ്മാനിച്ച സ്കൂൾ
സ്കൂൾ സ്ഥാപകനായ കൊച്ചുവരമ്പേൽ കേശവൻ മുതലാളിയുടെ ജീവചരിത്രവും പ്രദർശനത്തിന്റെ ഭാഗമാണ്. ക്ഷേത്രം സ്ഥാപിക്കണമെന്ന ആഗ്രഹവുമായി കൊച്ചുവരമ്പേൽ കേശവൻ മുതലാളി ഒരിക്കൽ ഗുരുദേവനെ കാണാൻ പോയി. നിങ്ങൾക്ക് ക്ഷേത്രമല്ല, വിദ്യാലയമാണ് വേണ്ടതെന്നായിരുന്നു ഗുരുദേവന്റെ മറുപടി. അങ്ങനെ ചട്ടമ്പിസ്വാമിയുടെയും കുമാരനാശാന്റെയും സാന്നിദ്ധ്യത്തിൽ ഗുരുദേവൻ സ്കൂൾ നാടിന് സമർപ്പിച്ചതും പ്രദർശനത്തിൽ വിവരിക്കുന്നുണ്ട്. മറ്റ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പ്രദർശനം കാണാൻ എത്തുന്നുണ്ട്.
ചുവരിൽ നിറഞ്ഞ നവോത്ഥാന നായകർ- 55
കേരളപ്പിറവി ദിനത്തിലാണ് പ്രദശനം ആരംഭിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും നവോത്ഥാന നായകന്മാരുടെ ചിത്രവും സന്ദേശവും ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചാണ് അന്ന് സ്കൂളിലെത്തിയത്. പ്രദർശനം ചൊവ്വാഴ്ച വരെ നീളും.
സ്കൂൾ അധികൃതർ