
കൊല്ലം: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ച് സവാളയുടെ വില കുതിക്കുന്നു. ഒരാഴ്ചക്കിടെ സവാളയ്ക്ക് വർദ്ധിച്ചത് ഇരട്ടിവില. കഴിഞ്ഞ ആഴ്ച 45-50 രൂപ വിലയുണ്ടായിരുന്ന സവാളയ്ക്ക് ജില്ലയിൽ ഇപ്പോൾ 80 രൂപയാണ് ഹോൾസെയിൽ വില. റീട്ടെയിൽ വില 85 മുതൽ 90 വരെ എത്തി.
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കർണാടകയിൽ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും സവാള എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒരാഴ്ചയോളം മാർക്കറ്റ് അവധിയായതും കനത്ത മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളം കയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.
പൂനെ മാർക്കറ്റ് സജീവമാകുന്നതോടെ സവാള വില രണ്ടാഴ്ചകം താഴ്ന്ന് പഴയ വിലയിൽ എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ. സവാള വിലയിൽ വർദ്ധനവ് നേരിട്ടതിനെ തുടർന്ന് വീട്ടമ്മമാരെ കൂടാതെ ഹോട്ടൽ, തട്ടുകട ജീവനക്കാരും പ്രതിസന്ധിയിലാണ്.
തല കുനിച്ച് ബീൻസ്,
മാറ്രമില്ലാതെ വെളുത്തുള്ളി
കഴിഞ്ഞമാസം ഹോൾസെയിൽ വില 160ലെത്തിയ ബീൻസിന്റെ വില 60 രൂപയിലേയ്ക്ക് താഴ്ന്നു. വെളുത്തുള്ളി വില മാറ്റമില്ലാതെ ഉയർന്നു തന്നെയാണ്. കിലോയ്ക്ക് 130 രൂപയിൽ നിന്ന് കുതിച്ച വെളുത്തുള്ളിക്ക് ഇപ്പോൾ ഹോൾസെയിൽ വില 330 രൂപയാണ്. ക്യാരറ്റ് വിലയിലും വർദ്ധനവുണ്ട്. ഹോൾസെയിൽ വില കിലോയ്ക്ക് 80 ആയ ക്യാരറ്റിന്റെ റീട്ടെയിൽ വില 100 രൂപയിലെത്തി. വെണ്ട, മുളക്, പടവലം, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിലയിൽ കാര്യമായ മാറ്റമില്ല.
വില (ഹോൾസെയിൽ, റീട്ടെയിൽ )
ക്യാരറ്റ്: 80,100
ബീൻസ്: 60,70-80
സവാള: 80, 85-90
തക്കാളി: 35,45
വെണ്ടയ്ക്ക:35,50
മുളക്: 40,45
പടവലം: 35,45
കാബേജ്: 40,45
ബീറ്റ്‌റൂട്ട്: 50,60
ചേന: 60,70
ചെറിയ ഉള്ളി: 70,80
ഉരുളക്കിഴങ്ങ്: 50,55
വെളുത്തുള്ളി: 330, 360
ദീപാവലി ആഘോഷങ്ങളെ തുടർന്ന് മാർക്കറ്റ് അവധിയായതാണ് സവാള വില വർദ്ധനവിന് കാരണം. വില ഇനിയും ഉയരാൻ ഇടയില്ല.
എ.പി.കെ.നവാസ്, സംസ്ഥാന പ്രസിഡന്റ്,
കേരള വെജിറ്റബിൾ മർച്ചന്റ് അസോ.