കൊല്ലം: കൂട്ടിക്കട റെയിൽവേ ലെവൽ ക്രോസിലെ കൂട്ടക്കുരുക്കിന് ഒടുവിൽ ലീഗൽ സർവീസ് അതോറിറ്റിയിൽ പരിഹാരം. രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കാമെന്ന് ഇന്നലെ ചേർന്ന അദാലത്തിൽ ഇരവിപുരം പൊലീസ് റിപ്പോർട്ട് ഫയൽ ചെയ്‌തതോടെയാണ് പ്രശ്‌നത്തിന് തീർപ്പായത്.

മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ എം.എം.ഹുമയൂൺ നേരത്തെ ലീഗൽ സർവീസ് അതോറിറ്റിയിൽ ഫയൽ ചെയ്‌ത പൊതുതാൽപര്യ ഹർജിയുടെ തുടർച്ചയായിട്ടായിരുന്നു പൊലീസ് റിപ്പോർട്ട് ഫയൽ ചെയ്‌തത്.

ഇത് സംബന്ധിച്ച് സിറ്റി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽ നിന്ന് വാർഡൻമാരെ നിയോഗിക്കാമെന്നും തിരക്കേറിയ സമയങ്ങളിൽ കൺട്രോൾ റൂം വാഹനങ്ങളുടെ പട്രോളിംഗ് ഏർപ്പെടുത്താമെന്നുമായിരുന്നു ഇന്നലെ സിറ്റി പൊലീസ് ഫയൽ ചെയ്‌ത റിപ്പോർട്ടിലുള്ളത്.

എന്നാൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കും ട്രെയിനുകൾക്ക് സിഗ്നൽ ലഭിക്കാത്ത സാഹചര്യവും ചൂണ്ടിക്കാട്ടി ജില്ലാ അഡിഷണൽ ജഡ്‌ജി സുഭാഷ് അദാലത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

ഇരവിപുരം സ്‌റ്റേഷനിലെ 'ഹെവി ' ഡ്യൂട്ടിയെ തുടർന്നാണ് ഇതുവരെ പൊലീസിനെ വിന്യസിക്കാൻ കഴിയാതിരുന്നതെന്ന പൊലീസിന്റെ വാദം 'ക്വാഷ്വാലിറ്റി ' ഉണ്ടാകും വരെ കാത്തിരിക്കണോയെന്ന മറുചോദ്യത്തിലൂടെയാണ് അദ്ദേഹം നേരിട്ടത്.

ലെവൽ ക്രോസിൽ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പൊലീസിന് ജഡ്‌ജി നിർദേശം നൽകി.