t
t

പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ 350 ഏക്കറോളം പാടശേഖരത്തിൽ അനധികൃത ഖനനം മൂലം വെള്ളക്കെട്ടായ ഭാഗം 25 വർഷത്തെ പാട്ടക്കരാറിൽ ഏറ്റെടുത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ (ഫ്ളോട്ടിംഗ് സോളാർ പ്ളാന്റ്) നിർമ്മാണോദ്ഘാടനം വൈകുന്നു. ഒരു പതിറ്റാണ്ടു മുമ്പ് ആവിഷ്കരിച്ച പ്ളാന്റാണ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നത്.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഏതാനും ദിവസം മുമ്പ് പദ്ധതിപ്രദേശം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതാണ്. ഇത് പ്രതീക്ഷ പകരുകയും ചെയ്തു. എന്നാൽ മന്ത്രിയുടെ സന്ദർശനം പൊടുന്നനെ മറ്റൊരു ദിവസത്തേക്കു മാറ്റിയത് നിരാശയായി. കേന്ദ്രസർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ നിർമ്മാണോദ്ഘാടനം നടത്താൻ കഴിയുകയുള്ളൂ.

കഴിഞ്ഞ ജൂലായിലാണ് പദ്ധതിയുടെ നിർവഹണ ഏജൻസിയായ എൻ.എച്ച്.പി.സിയും (നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ) കെ.എസ്.ഇ.ബിയും തമ്മിൽ വൈദ്യുതി കൊടുക്കൽ വാങ്ങൽ (പവർ പർച്ചേസ് എഗ്രിമെന്റ്) സംബന്ധിച്ച് കരട് ധാരണാപത്രം കൈമാറിയത്. യൂണിറ്റ് ഒന്നിന് 3.18 രൂപ വേണമെന്നായിരുന്നു എൻ.എച്ച്.പി.സി.യുടെ നിലപാട്. എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നായി കെ.എസ്.ഇ.ബി. ഇതോടെ പദ്ധതി പ്രതിസന്ധിയിലായി. ഒടുവിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ.എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കെ.എസ്.ഇ.ബി നിലപാടിൽ അയവ് വരുത്തുകയും യൂണിറ്റ് ഒന്നിന് 3.04 രൂപ നൽകി വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, നിർമ്മാണോദ്ഘാടനം അനന്തമായി നീളുന്നത് പദ്ധതി സംബന്ധിച്ച ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.

ഭൂവുടമകളെ ഉൾപ്പെടുത്തി കമ്പനി

 വെള്ളക്കെട്ടിനു മുകളിൽ ഫ്ളോട്ട്, അതിനുമുകളിൽ സോളാർ പാനൽ

 പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂ ഉടമകൾ ഉൾപ്പെടുന്ന കമ്പനി

 വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നു പേര്

 കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക പ്രതിനിധി എന്നിവർ കമ്പനി ഡയറക്ടർമാർ

 കരാറുകാർ ഹരിയാനയിലെ അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ്

 സർവേ ജോലികളും ഫ്ലോട്ടിംഗ് പാനൽ രൂപകല്പനയും പുരോഗമിക്കുന്നു

....................................

 പദ്ധതി ചെലവ് 300 കോടി

 പ്രതിദിന ഉത്പാദനം 50 മെഗാവാട്ട്

 ഏറ്റെടുത്ത ഭൂമി 350 ഏക്കർ

 കർഷകരുടേത് 250ഏക്കർ

 പഞ്ചായത്തിന്റെത് 100 ഏക്കർ