
അഞ്ചാലുംമൂട്: തെരുവ് വിളക്കുകൾ കത്താത്തത് മൂലം ഇരുട്ടിലായ ബൈപ്പാസിലൂടെയുള്ള (ദേശീയപാത 66) വാഹനയാത്ര അപകടത്തിലേയ്ക്ക് തള്ളിവിടുന്നു. ബൈപ്പാസ് കടന്നുപോകുന്ന ആൽത്തറമൂട് മുതൽ മേവറം വരെയുള്ള ഭാഗങ്ങൾ ഇരുട്ടിലായിട്ട് ഒന്നരവർഷത്തിലേറെയായി.
ദേശീയപാത ആറുവരി നിർമ്മാണവുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകളുടെ കണക്ഷനുകൾ വിച്ഛേദിച്ചതാണ് ബൈപ്പാസ് ഇരുട്ടിലാകാൻ കാരണം. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ചെറുതും വലുതുമായ 50 ഓളം അപകടങ്ങളാണ് ബൈപ്പാസിൽ രാത്രിയിലുണ്ടായത്.
2020 സെപ്തംബറിൽ 415 വിളക്കുകളും 15700 ലൂമെൻസ് എൽ.ഇ.ഡി വിളക്കുകളും ബൈപ്പാസിലെ 13 കിലോമീറ്ററിനിടയിൽ സ്ഥാപിച്ചെന്നാണ് കണക്ക്. തെരുവ് വിളക്കുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ആക്‌സിഡന്റ് ബ്ലൈൻഡ് സ്‌പോട്ടുകളേറെയുള്ള ബൈപ്പാസിൽ അപകടങ്ങൾ കുറഞ്ഞിരുന്നു.
നിർമ്മാണത്തിന്റെ ഭാഗമായ യന്ത്രങ്ങളും വാഹനങ്ങളും നിർമ്മാണത്തിന് ആവശ്യമായ മെറ്റലുകളും മണ്ണും റോഡരികിൽ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതും രാത്രിയിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. വെളിച്ചം ഇല്ലാത്തതിനാൽ ഇടറോഡുകളിൽ നിന്ന് വരുന്ന യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പല സ്ഥലങ്ങളിലും റോഡിന്റെ ഭാഗത്ത് താത്കാലിക ഡിവൈഡർ വച്ചിരിക്കുന്നതും ഇരുട്ടിൽ കാണാൻ കഴിയാത്ത അവസ്ഥയിലാണ്.
ജീവൻ പണയംവച്ചാണ് ഇരുചക്രവാഹന യാത്രക്കാർ രാത്രിയിൽ ബൈപ്പാസിലെ പാലങ്ങളിലൂടെ യാത്ര ചെയ്യുന്നത്. ബൈപ്പാസ് തുറന്ന 2019 മുതൽ ഏറ്റവും കൂടുതൽ അപകടം നടന്നത് ഒറ്റക്കല്ല്, പള്ളിവേട്ടച്ചിറ ഭാഗങ്ങളിലാണ്. എത്രയും വേഗം തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലൈറ്റ് സ്ഥാപിക്കാതെ നിർമ്മാണ കമ്പനി
ബൈപ്പാസിൽ വെളിച്ചമില്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയായിട്ടും വെളിച്ചം താത്കാലികമായെങ്കിലും പുനഃസ്ഥാപിക്കാൻ തയ്യാറാകാതെ നിർമ്മാണ കമ്പനി അധികൃതർ. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ താത്കാലിക സംവിധാനം ഒരുക്കണമെന്ന് പൊലീസും ഡിവിഷൻ കൗൺസിലർമാരും ഉൾപ്പെടെയുള്ളവർ നിർമ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതർ ഇത് ചെവിക്കൊണ്ടിട്ടില്ല.
താത്കാലിക സംവിധാനം ഒരുക്കാൻ നിർമ്മാണ കമ്പനി അധികൃതരോട് പലതവണ രേഖാമൂലം നിർദ്ദേശിച്ചെങ്കിലും ഇതുവരെ പരിഗണിച്ചില്ല.
ജനപ്രതിനിധികൾ