photo
കിള്ളൂർ- ആനയം- ഇലഞ്ഞിക്കോട് റോഡിൽ കലുങ്ക് പുനർനിർമ്മിക്കാത്ത വെള്ളക്കെട്ടുള്ള തെങ്ങുംവിള ഭാഗം

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കിള്ളൂർ- ആനയം- ഇലഞ്ഞിക്കോട് റോഡിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും കലുങ്കുകൾ പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധം. ഏറെക്കാലമായി തകർച്ചയിലായിരുന്ന റോഡിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഇടപെട്ടാണ് 4.5 കോടി അനുവദിച്ചത്. 2023 സെപ്തംബറിൽ റോഡിന്റെ നവീകരണ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചെങ്കിലും തുടർ പ്രവർത്തനർങ്ങൾ നടന്നില്ല. കുണ്ടും കുഴിയുമായ റോഡിൽ പതിവ് വെള്ളക്കെട്ടുകൂടിയായതോടെ നാട്ടുകാർ സമരങ്ങൾ സംഘടിപ്പിച്ചു. രണ്ടാഴ്ച മുൻപാണ് നിർമ്മാണ ജോലികൾ തുടങ്ങാനായത്. എന്നാൽ കലുങ്കുകൾ പുനർ നിർമ്മിക്കില്ലെന്ന് പിന്നീടാണ് നാട്ടുകാർ അറിഞ്ഞത്.

കിള്ളൂർ ജംഗ്ഷൻ മുതൽ ഇലഞ്ഞിക്കോട് ജംഗ്ഷൻവരെയുള്ള റോഡിൽ നിരവധി കലുങ്കുകളുണ്ട്. മിക്കവയും തകർച്ച നേരിടുന്നു. നിലവിലുള്ള എല്ലാ കലുങ്കുകളും പുനർ നിർമ്മിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. കരാർ വ്യവസ്ഥയിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് നെടുവത്തൂർ ഗ്രാമപഞ്ചായത്തംഗം ആർ.രാജശേഖരൻ പിള്ള പറഞ്ഞു. വെള്ളക്കെട്ടുമൂലം കൂടുതൽ ദുരിതമുള്ള കിള്ളൂർ ജംഗ്ഷൻ, തെങ്ങുവിള ജംഗ്ഷൻ എന്നിവിടങ്ങളിലെ കലുങ്കുകൾ പുനർ നിർമ്മിക്കുന്നില്ല. റോഡ് നവീകരണം തൃപ്തികരമല്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അറിയിച്ചു.

നിലവിലെ മുഴുവൻ കലുങ്കുകളും പുനർ നിർമ്മിക്കണം. നിർമ്മാണ ജോലികൾ നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ല. അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ തുടങ്ങും

ആർ.രാജശേഖരൻ പിള്ള, ഗ്രാമപഞ്ചായത്തംഗം, നെടുവത്തൂർ