photo
കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അനിൽകുമാർ സ്മാരക ഫലവൃക്ഷത്തോട്ടത്തിൽ നിൽക്കുന്ന കുട്ടികൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ 34 ഇനം ഫലവൃക്ഷത്തൈകൾ ശ്രദ്ധേയമായി. ഓരോ ഇനവും അദ്ധ്യാപകരാണ് സംഭാവന ചെയ്തത്.

അന്തരിച്ച മുൻ പ്രധമാദ്ധ്യാപകൻ അനിൽകുമാറാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മരമുന്തിരി, അഭ്യൂപഴം, ക്യാറ്റ്ഫ്രൂട്ട്, ഞാവൽ, അമ്പഴം, ബേർആപ്പിൾ, മട്ടപ്പഴം, മിറാക്കിൾഫ്രൂട്ട്, കരിമ്പ് തുടങ്ങിയവ തോട്ടത്തിലുണ്ട്. ഇവയെല്ലാം ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് ചെയ്ത തൈകളാണ്. കുട്ടികളുടെ ആരോഗ്യത്തിൽ പഴങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. അനിൽകുമാർ സാർ സ്മാരക ഫലവൃക്ഷത്തോട്ടം എന്ന് പേരിട്ട തോട്ടം പരിപാലിക്കുന്നത് അദ്ധ്യാപകനായ മുഹമ്മദ് സലിം ഖാനാണ്. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം തോട്ടത്തിൽ ഉണ്ടാകും. കുട്ടികളെയും ഒപ്പം കൂട്ടും. ഇല പുഴുവെടുത്താൽ അപ്പോൾത്തന്നെ കീടങ്ങളെ നീക്കം ചെയ്യും. പ്രഥമാദ്ധ്യാപിക മീര ബി.നായരും അദ്ധ്യാപകരും അനദ്ധ്യാപകരും ഒപ്പമുണ്ട്. കൂട്ടായ പ്രയത്നത്തിലൂടെ എന്തും നേടാൻ കഴിയുമെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ പദ്ധതിക്ക് കഴിഞ്ഞതായി മുഹമ്മദ് സലിം ഖാൻ പറഞ്ഞു.