പുത്തൂർ: പവിത്രേശ്വരം ഭജനമഠത്തിൽ 'ബെസ്റ്റ് ഫ്രണ്ട്‌സ്' വനിതാ സൗഹൃദ കൂട്ടായ്മയായുടെ നേതൃത്വത്തിൽ 50 സെന്റ് സ്ഥലത്ത് ആധുനിക കൃത്യതാ കൃഷി രീതിയിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി. തരിശു കിടന്ന സ്ഥലം ഓണക്കാലത്താണ് കൃഷി യോഗ്യമാക്കി ആദ്യമായി പുഷ്പ കൃഷിയും പച്ചക്കറി കൃഷിയും വിജയകരമായി നടത്തിയിരുന്നു.
കിഴക്കേക്കല്ലട കൃഷി അസിസ്റ്റന്റ് ഓഫീസർ ബി. രത്നകുമാരിയുടെ നേതൃത്വത്തിലാണ് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന 8 വനിതകൾ രാവിലത്തെ ജോലിക്ക് ശേഷവും വൈകിട്ടും ഒഴിവ് ദിവസങ്ങളിലും കൃഷി ജോലികൾ ചെയ്യുന്നത്. തണ്ണിമത്തൻ കൃഷിക്ക് പുറമെ കുക്കുംബർ, ചുരയ്ക്ക, വെള്ളരി എന്നിവയുടെ തൈകളും നടുന്നുണ്ട്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക കൃഷിരീതി കണ്ടുമനസിലാക്കാൻ പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസിലെ വി.എച്ച്.സി, എൻ.എസ്.എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. കൃഷി ഓഫിസർ ഡോ. നവീദ, കൃഷി അസിസ്റ്റന്റ് സുരേഷ്, രതീഷ്, ജില്ലയിലെ മികച്ച കർഷക അവാർഡ് ജേതാവ് അനിൽ മംഗല്യ, വാർഡ് മെമ്പർമാരായ അജിത, രജനി കാർഷിക വികസന സമിതി അംഗം കെ. ജയൻ എന്നിവർ പങ്കെടുത്തു