കൊല്ലം: തേക്കേവിള പ്ലാസ കമ്പിനിക്ക് സമീപം കട്ടിയിൽ കിഴക്ക് ഓടപ്പുറത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. ഓടപ്പുറത്ത് തമ്പടിക്കുന്ന ലഹരിസംഘങ്ങളെ ഭയന്ന് പ്രദേശവാസികൾ ഇതുവഴി സഞ്ചരിക്കാൻ തന്നെ ഭയക്കുകയാണ്.
ഓടപ്പുറത്ത് രാപകൽ വ്യത്യാസമില്ലാതെ തമ്പടിക്കുന്ന ഒരുപറ്റം യുവാക്കൾ നിരന്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയാണ്. ഇവരിൽ പലരും ദൂരെ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എത്തുന്നവരാണ്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് പുറമേ കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങളുടെ വില്പനയും ചില്ലറ വില്പനയ്ക്കായുള്ള കൈമാറ്റവും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
ക്ലാസുള്ള സമയങ്ങളിൽ പോലും സ്കൂൾ-കോളേജ് വിദ്യാർത്ഥികളും ഇവിടേക്ക് എത്താറുണ്ട്. പ്രദേശവാസികളായ വിദ്യാർത്ഥികളും യുവാക്കളും ഈ സംഘത്തിന്റെ വലയിലാകുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.
രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് ഉച്ചത്തിൽ ബഹളം വയ്ക്കുന്നതിനാൽ തൊട്ടടുത്തുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ഉറക്കവും നഷ്ടമായിരിക്കുകയാണ്. കാര്യമായ വീതിയില്ലാത്ത ഓടപ്പുറത്ത് പൊലീസിനും എക്സൈസിനും എത്താനുള്ള പ്രയാസം മുതലെടുത്താണ് ലഹരിസംഘം താവളമാക്കിയിരിക്കുന്നത്. ഏതാനും ദിവസും മുമ്പ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ലഹരി ഉപയോഗിച്ച് യുവാക്കൾ ഓടപ്പുറത്ത് ബോധരഹിതരായി കിടക്കുന്നതും പതിവ് കാഴ്ചയാണ്.