കൊല്ലം: ഒരു കർമ്മവും ചെയ്യാതിരിക്കുന്നത് അപ്രായോഗികമാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. കർമ്മം ബന്ധനം സൃഷ്ടിക്കുമെന്ന ആശങ്കയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. വ്യാസപ്രസാദം 24 വേദിയിൽ 27-ാം ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ഈശ്വരാർപ്പണ ബുദ്ധിയുണ്ടെങ്കിൽ ശ്രദ്ധാലുവിന് മോചനം കിട്ടാക്കനിയല്ല. അസൂയാലുകൾക്ക് അധോഗതിയാണ് ഫലം.
ഒരാൾ ജ്ഞാനിയായാലും സഹജ പ്രകൃതിയനുസരിച്ചാണ് പെരുമാറുന്നതെന്ന് തിരിച്ചറിയണം. 'ഇവരെന്തേ ഇങ്ങിനെ ആയിപ്പോയി' എന്ന ചോദ്യം പലരേക്കുറിച്ചും ചോദിക്കാൻ തോന്നും. സ്വപ്രകൃതിയെ അതിക്രമിക്കൽ എളുപ്പമല്ല. അറിവിന്റെ മഹിമയറിഞ്ഞ് അത് സ്വാംശീകരിക്കാൻ ഉദ്യമിക്കണം. അനുകരണാവേശങ്ങൾക്ക് ഏറെക്കാലം പിടിച്ചു നിൽക്കാൻ സാധിക്കില്ല. ബലാൽക്കാരേണയുള്ള നിയന്ത്രണ ശീലങ്ങൾ തൃപ്തികരമായ വളർച്ച സമ്മാനിക്കുന്നില്ല. അറിവും പക്വതയും സ്വീകരിക്കുന്ന സ്വാഭാവിക അച്ചടക്കങ്ങൾക്ക് സൗകുമാര്യമേറും. കാമക്രോധ ശത്രുക്കളെ തിരിച്ചറിഞ്ഞ് തുരത്തണം. ഇന്ദ്രിയ മനോബുദ്ധികളിലൊക്കെ കാമത്തിന് ഒളിത്താവളമുണ്ട്. പാപമുക്തിക്ക് അറിവിന്റെയും പ്രേമാദര സമീപനത്തിന്റെയും പാത ശ്രീകൃഷ്ണ ഭഗവാൻ ഉപദേശിക്കുന്നു. ഇത് ഓരോരുത്തരും അറിഞ്ഞ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിലാണ് പ്രഭാഷണം.