head

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം ലഭിക്കാത്തതിനാൽ വൈദ്യുതി ബില്ലും വെള്ളക്കരവും ഇന്റർനെറ്റ് അടക്കമുള്ള ഫോൺബില്ലും അടച്ച് കീശകീറി സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർമാർ. കഴിഞ്ഞ ഒന്നരവർഷം മൂന്ന് ബില്ലുകൾ അടച്ചയിനത്തിൽ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ കിട്ടാനുള്ള ഹെഡ്മാസ്റ്റർമാരുണ്ട്.

സ്കൂളുകളുടെ മേധാവി പ്രിൻസിപ്പലായി മാറിയെങ്കിലും കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും ബി.എസ്.എൻ.എല്ലും ഇപ്പോഴും ബില്ല് നൽകുന്നത് ഹെഡ്മാസ്റ്റർമാർക്കാണ്. ഹയർ സെക്കൻഡറി കൂടിയുള്ള സ്കൂളുകളിൽ 15000 രൂപ വരെയാണ് പ്രതിമാസം കറണ്ട് ബില്ല്. ഇന്റർനെറ്റ് സഹിതം ഫോൺബില്ല് 2500 രൂപവരെയാകും. കിണർ വെള്ളം ഉപയോഗിക്കാനാകാത്ത സ്കൂളുകളിൽ 5000 രൂപ വരെ കുടിവെള്ളക്കരവും വരാറുണ്ട്. ഇങ്ങനെ പ്രതിമാസം ശരാശരി 20000 രൂപ വരെയാണ് ഹെഡ്മാസ്റ്റർമാരുടെ കീശയിൽ നിന്ന് പോകുന്നത്.

പഞ്ചായത്ത് പ്രദേശങ്ങളിലെ സർക്കാർ ഹൈസ്കൂളുകളുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും വിവിധ ബില്ലുകൾ അടക്കമുള്ള അനുബന്ധ ചെലവിനുള്ള പണം നൽകുന്നത് ജില്ലാ പഞ്ചായത്താണ്. ഇവിടങ്ങളിലെ എൽ.പി, യു.പി സ്കൂളുകൾക്ക് പഞ്ചായത്തുകളും. നഗരസഭകളിൽ എല്ലാ സർക്കാർ സ്കൂളുകൾക്കും ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ ആണ് പണം നൽകുന്നത്.

ഒന്നര വർഷമായി കുടിശിക

ആരോപണം

തദ്ദേശ സ്ഥാപന അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് ഡി.ഡി.ഇ, എ.ഇ.ഒ ഓഫീസ് ഉദ്യോഗസ്ഥർ ബില്ലുകൾ ഒരുമിച്ച് നൽകുന്നതെന്ന് ഹെഡ്മാസ്റ്റർമാർ.

പ്രത്യാരോപണം

വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ നിന്ന് സാമ്പത്തിക വർഷത്തിന്റെ അവസാനസമയത്ത് ബില്ലുകൾ ഒരുമിച്ച് നൽകുന്നതാണ് കുടിശികയുടെ കാരണമെന്ന് തദ്ദേശ സ്ഥാപന അധികൃതർ.

ബിൽ തുക പ്രതിമാസം

എച്ച്.എസ്, എച്ച്.എസ് + എച്ച്.എസ്.എസ്

വൈദ്യുതി ബില്ല് ₹ 7500-15000

ഫോൺ ബില്ല് ₹ 1500-2500

വെള്ളക്കരം ₹ 2500 4000

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരോട് നിരന്തരം പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

യൂസുഫ് ചേലപ്പള്ളി, ജില്ലാ സെക്രട്ടറി

ഹെഡ്മാസ്റ്റേഴ്സ് ഫോറം

ജില്ലാ പഞ്ചായത്ത് കൃത്യമായി പണം നീക്കിവയ്ക്കുന്നുണ്ട്. സാമ്പത്തികവർഷത്തിന്റെ അവസാനഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് അടക്കം പദ്ധതികൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. അതുവരെ കാത്തുനിൽക്കാതെ രണ്ടോ മൂന്നോ മാസത്തെ വീതം നൽകാൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

അനിൽ.എസ് കല്ലേലിഭാഗം

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ