
പന്മന: പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദരുടെ ഭൗതികദേഹം അഗ്നിസമാധിയിൽ ലയിച്ചു. ആത്മീയസേവനത്തിന്റെയും ജീവിത ലാളിത്യത്തിന്റെയും പ്രതിരൂപമായിരുന്ന സ്വാമിക്ക് ആയിരങ്ങൾ അശ്രുപൂജ അർപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് പ്രണവാനന്ദ തീർത്ഥപാദർ സമാധിയടഞ്ഞത്.
ഏറെക്കാലമായി ചികിത്സയിലായിരുന്ന സ്വാമി പൂർണ വിശ്രമത്തിലിരിക്കെയാണ് സമാധി സംഭവിച്ചത്. ശനിയാഴ്ച രാവിലെ മുതൽ ഭൗതികശരീരം ആശ്രമത്തിൽ പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്റെ നിരവധി തുറകളിൽ പെട്ട പ്രമുഖർ സ്വാമികളെ അവസാനമായി കാണാനെത്തി. പന്മന ശ്രീ വിദ്യാധിരാജാ സത്സംഗ സമിതിയുടെ നേതൃത്വത്തിൽ രാമനാമജപം നടന്നു.
വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദതീർത്ഥപാദരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സമാധി പൂജാകർമ്മങ്ങൾക്ക് വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീർത്ഥ പാദർ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, സ്വാമിനി ജ്ഞാനാഭിനിഷ്ഠ, സ്വാമി ദിവാകരാനന്ദ ഭാരതി, സ്വാമിനി ചിദാനന്ദിനി ഭാരതി, സ്വാമിനി ഗുരു പ്രിയാനന്ദിനിമയി തുടങ്ങിയവർ നേതൃത്വം നൽകി.
എം.എൽ.എമാരായ ഡോ. സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ഡി.സി.സി. പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, പന്മന പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര, വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, മുൻ എം.എൽ.എ ഏഴുകോൺ നാരായണൻ, ചെറുകോൽ ശ്രീ ശുഭാന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദജി, സ്വാമി ദയാനന്ദ സരസ്വതി അമൃതാനന്ദമയി മഠം ബ്രഹ്മചാരികൾ, എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.