ഓച്ചിറ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ. അഴീക്കലിൽ പുതുവൽ വീട്ടിൽ ഷിബുചാക്കോയാണ് (47) മരിച്ചത്. ഭാര്യ ഷൈജാമോൾക്ക് (41) എൺപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഷൈജാമോളുടെ രണ്ടാം ഭർത്താവാണ് പാലാ സ്വദേശിയായ ഷിബുചാക്കോ.

ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. ആദ്യ ഭർത്താവിനെയും കുട്ടികളെയും 10 വർഷം മുമ്പ് ഉപേക്ഷിച്ച ഷൈജാമോൾ ഷിബുചാക്കോയൊടൊപ്പം ഷൈജാമോളുടെ അഴീക്കലുള്ള വീട്ടിലായിരുന്നു താമസം. നാല് വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ഷിബുചാക്കോ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്ന വ്യക്തിയാണ്. ഈ കേസിൽ ഇരുവരും ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ഷിബു ചാക്കോ ഒളിവിലായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഷിബുചാക്കോ ഷൈജാമോളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പെട്രോൾ തല വഴി ഒഴിച്ച് തീ കൊളുത്തുകയും ചെയ്യുകയായിരുന്നു. തീഗോളങ്ങളായ ഇരുവരെയും നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷിബു ചാക്കോ ഇന്നലെ രാത്രി 9.15ന് മരിക്കുകയായിരുന്നു.