കരുനാഗപ്പള്ളി: പട്ടികജാതി പട്ടികവർഗ്ഗ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി തേവലക്കര ഗ്രാമപഞ്ചായത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ആയുഷ് വകുപ്പ്, ചവറ ബ്ലോക്ക് പഞ്ചായത്ത്,തേവലക്കര ഗ്രാമപഞ്ചായത്ത്, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ്, തേവലക്കര ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ മുള്ളിക്കാല ഗാന്ധിജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സോമൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.പ്രദീപ്കുമാർ, അനസ് യൂസഫ്,ലളിതാ ഷാജി, അനസ് നാത്തയ്യത്ത് എന്നിവർ സംസാരിച്ചു. ചവറ ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയ സലാം സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.ഗിരിജാനന്ദ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ ജീവിതശൈലി രോഗനിർണയം, മരുന്ന് വിതരണം എന്നിവ നടത്തി. ക്യാമ്പിന് ഡോ.ഗിരിജാനന്ദ് ഡോ.ആതിര ദർശൻ എന്നിവർ നേതൃത്വം നൽകി.