കൊല്ലം: സംസ്ഥാന സ്കൂൾ കായികമേളയിലെ കുട്ടിത്താരങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കി സ്പോർട്സ് ആയുർവേദ. രാവിലെ 6 മുതൽ രാത്രി മീറ്റ് തീരുവോളം പ്രവർത്തിക്കുന്ന 'സ്പോർട്സ് ആയുർവേദ' താരങ്ങൾക്കും കോച്ചുമാർക്കും വലിയ ആശ്വാസമായി.
പരിക്കുകൾ യഥാസമയം ചികിത്സിച്ച് മെഡൽ നേട്ടത്തിലേയ്ക്ക് മത്സരാർത്ഥികളെ കൈപിടിച്ചുയർത്താൻ കഴിഞ്ഞതായി കോച്ചുമാരും സാക്ഷ്യപ്പെടുത്തുന്നു. കേരള ഇൻസ്റ്റിറ്റ്യട്ട് ഒഫ് സ്പോർട്ട്സ് ആയുർവേദ റിസർച്ചിൽ ചികിത്സയിലായിരുന്ന വിജയ് കൃഷ്ണ 110 മീറ്റർ ഹർഡിൽസിൽ റെക്കാഡോടെയാണ് സ്വർണം നേടിയത്. കൂടാതെ നീന്തലിൽ സ്വർണം നേടിയ നാദിയ ആസിഫ്, വെള്ളി നേടിയ മെഹറിൻ ആസിഫ്, ജൂഡോയിൽ സ്വർണം നേടിയ ദേവിക, ഐശ്വര്യ, മുഹമ്മദ് ഷാദിൽ, അദ്നിക്, ആദർശ് എന്നിവരും വിജയികളായത് സ്പോർട്സ് ആയുർവേദയുടെ കരുത്തിലാണ്.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ചിന്റെയും (കിസാർ) നാഷണൽ ആയുഷ് മിഷൻ പദ്ധതിയായ സ്പോർട്സ് ആയുർവേദയുടെയും നേതൃത്വത്തിലാണ് കായികമേളയിൽ തത്സമയം ചികിത്സ നൽകുന്നത്.
ഒപ്പമുണ്ട് ഇരുന്നൂറംഗ സംഘം
17 വേദികളിലും മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട്. 20 സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരും 60 മെഡിക്കൽ ഓഫീസർമാരും 30 ജൂനിയർ ഡോക്ടർമാരും അടക്കം ഇരുനൂറോളം ജീവനക്കാരാണ് രംഗത്തുള്ളത്. ഇതുവരെ ആകെ 1811 പേരാണ് സേവനം പ്രയോജനപ്പെടുത്തിയത്.
പരിക്കുകൾക്ക് ചികിത്സ നൽകുന്നത് കൂടാതെ കായികതാരങ്ങളുടെ ശാരീരികക്ഷമത ഉറപ്പാക്കാനുള്ള ചികിത്സയും ഭക്ഷണ, പോഷകാഹാര നിയന്ത്രണങ്ങളുമടക്കമുള്ള സേവനങ്ങളും സ്പോർട്സ് ആയുർവേദയിൽ നൽകിവരുന്നു.
ഡോ. കെ.ആർ.സിന്ധു
സൂപ്രണ്ട്, കിസാർ