 
ഓച്ചിറ: ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് യുവതിയും മരിച്ചു. അഴീക്കൽ പുതുവേൽ വീട്ടിൽ ഷൈജാമോളാണ് (41) ഇന്നലെ രാവിലെ 10.30 ഓടെ മരിച്ചത്. ഷൈജാമോളുടെ രണ്ടാം ഭർത്താവ് കാഞ്ഞിരപ്പള്ളി പൊൻകുന്നം ചെറിക്കാട്ട് ആഷീർ വില്ലയിൽ ഷിബു ചാക്കോ (47) ശനിയാഴ്ച വൈകിട്ട് 9.30 ഓടെ മരിച്ചിരുന്നു.
എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ ഷൈജാമോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ അഴീക്കലിലെ വീട്ടിലെത്തിയ ഷിബു ഷൈജയുമായി വഴക്കിട്ടു. പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ഷൈജയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സമയം ഷൈജമോളുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഷിബുവും പെട്രോളൊഴിച്ചു തീ കൊളുത്തി. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബു മരിച്ചു.
നാല് വർഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. ആദ്യ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഷൈജമോൾ ഷിബു ചാക്കോയ്ക്കൊപ്പം അഴീക്കലുള്ള സ്വന്തം വീട്ടിൽ താമസിച്ചിരുന്നത്. ഷിബുവിന്റെ പേരിൽ വിസ തട്ടിപ്പ് കേസ് നിലവിലുണ്ട്. ഈ കേസിൽ ഷിബുവും ഷൈജയും ജയിലിലായിരുന്നു. ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം കുറേനാൾ ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ഷൈജാമോളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. . ആരും ഏറ്റുവാങ്ങാത്തതിനാൽ ഷിബു ചാക്കോയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. സരസൻ, മുത്തമ്മ എന്നിവരാണ് ഷൈജാമോളുടെ മാതാപിതാക്കൾ.