കൊല്ലം: കല്ലുംതാഴത്ത് നാല് വയസ്സുകാരനെ അതിക്രൂരമായി ഉപദ്രവിച്ച അമ്മയ്ക്കെതിരെ പരാതി. കൊല്ലം കല്ലുംതാഴം സ്വദേശിനിക്കെതിരെയാണ് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയത്.

ഇവരുടെ നാലുവയസുകാരനായ മകനെയാണ് മിഠായി വാങ്ങാൻ കാശെടുത്തെന്ന് ആരോപിച്ച് കരണ്ടിയും ഇരുമ്പ് ഉപകരണങ്ങളും ചൂടാക്കി പൊള്ളിച്ചത്. കല്ലുംതാഴം കാപ്സിലെ കശുഅണ്ടി തൊഴിലാളിയാണ് കുട്ടിയുടെ അമ്മ. ഭർത്താവുമായി പിണങ്ങി മകനുമായി ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുമായി ഫാക്ടറിയിലെതിയപ്പോൾ അവിടുത്തെ തൊഴിലാളികൾ കുട്ടിയുടെ കാലിലെ പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച വിവരം പുറത്തറിയുന്നത്.

തുടർന്ന് മനുഷ്യാവകാശ പ്രവർത്തകനായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ കാലിൽ പൊള്ളലേറ്റതായും കണ്ടെത്തിയത്. കിളികൊല്ലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. ഇന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കും.

ഇവരുടെ മൂത്തമകൾ കുണ്ടറയിലുള്ള അനാഥാലയത്തിലാണ് താമസം.