കൊല്ലം: ശ്രീരാമന്റെയും സീതയുടെയും ഹനുമാന്റെയും രൂപം കൊത്തിയ 125 വർഷത്തോളം പഴക്കമുള്ള ഒറ്റവാർപ്പ് നിലവിളക്ക്, മുളക് പൊടിയും മല്ലിപ്പൊടിയും അടക്കം 12 ഇനങ്ങൾ സൂക്ഷിക്കാൻ പറ്റുന്ന ഒറ്റത്തടിയിൽ തീർത്ത രണ്ടുനൂറ്റാണ്ട് പഴക്കമുള്ള 'അരയ്ക്കാൻ' പെട്ടി.. പുരാവസ്തുക്കളുടെ അപൂർവ ശേഖരമാണ് സാബുവിന്റെ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിനു സമീപത്തെ ഹരിചന്ദനം വീട്. ഷോക്കേസിലും ഹാളിലും കിടപ്പുമുറിയിലും അടുക്കളയിലുമൊക്കെയായി അവ നിറഞ്ഞിരിക്കുന്നു. സംസ്ഥാന ഓഡിറ്റ് വകുപ്പിലെ സീനിയർ ഓഡിറ്റ് ഓഫീസറാണ് എസ്.സാബു.
പൂജാമുറിയിലാണ് ഒറ്റവാർപ്പ് നിലവിളക്കിന്റെ സ്ഥാനം. ഉമ്മറത്തെ തൂക്കു വിളക്കിന് 150 വർഷത്തെ പഴക്കം. ഷോക്കേസിൽ ആമാടപ്പെട്ടികൾ, വെങ്കല കൂജ, അപൂർവമായ മൂന്ന് വാലുള്ള കിണ്ടി, പണ്ട് മദ്യം വിളമ്പിയിരുന്ന വെള്ളിയിലുള്ള ചഷകം തുടങ്ങിയവ. മുറികളിൽ ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആട്ടവിളക്ക്, ചാവി വിളക്ക്, ബ്രഹ്മപക്ഷി വിളക്ക് അടക്കം 200 ഓളം നിലവിളക്കുകൾ. കല്ലിലും തടിയിലും കൊത്തിയെടുത്ത ഉപ്പുമരവി, ഭീമൻ ധാന്യപ്പെട്ടി തുടങ്ങിയവ അടുക്കളയിൽ. സാബുവിന്റെ ഭാര്യ ഡോ.വീണ ഇതിൽ പലതും ഇപ്പോഴും ഇപയോഗിക്കുന്നു.
25 വർഷം മുമ്പ് ഭാര്യയുടെ കുടുംബവീടായിരുന്ന നാലുകെട്ട് പൊളിച്ചപ്പോഴാണ് സാബു പുരാവസ്തുക്കൾ ശേഖരിച്ച് തുടങ്ങിയത്. പിന്നീടത് ശീലമായി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയായ മകൻ ഹരിനാരായണനും പിന്തുണ നൽകുന്നു.
അപൂർവ ഘടികാരങ്ങൾ
ജർമ്മനിയിലും ജപ്പാനിലും യു.എസിലും നിർമ്മിച്ച എട്ട്, 15, 21, 31 ദിവസങ്ങൾ കൂടുമ്പോൾ മാത്രം കീ കൊടുക്കേണ്ട പഴയ ഘടികാരങ്ങളാണ് ഭിത്തികളിലെ അലങ്കാരം. 1961 മുതൽ 2006വരെ എച്ച്.എം.ടി ഇറക്കിയ 80 മോഡൽ വാച്ചുകളിൽ 75 എണ്ണവും ശേഖരത്തിലുണ്ട്. അപൂർവ നാണയങ്ങളുടെ വൻ ശേഖരവുമുണ്ട്.
സർവീസിൽ നിന്ന് വിരമിച്ചശേഷം വീടിനോട് ചേർന്ന് മ്യൂസിയം തുടങ്ങാനാണ് ആലോചന
എസ്.സാബു