
കൊട്ടിയം: കേരള വ്യാപാരി - വ്യവസായി സമിതി കൊട്ടിയം യൂണിറ്റ് ഓഫീസ് എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഖജനാവിലേക്ക് വലിയയൊരു ഭാഗം എത്തുന്നത് വ്യാപാരി -വ്യവസായികൾ വഴിയാണെന്നും ഇതിനിടയിലും ഓൺലൈൻ മേഖലയുടെ കടന്നുകയറ്റം ചെറുകിട വ്യാപാര രംഗത്ത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാപാര സേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്‌ണനും വ്യാപാര വായ്‌പാ വിതരണ കേന്ദ്രം ജില്ലാ സെക്രട്ടറി മഞ്ജു സുനിലും വായ്‌പാ സബ് സെന്ററിന്റെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് പീറ്റർ എഡ്വിനും നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിജു സൂര്യ അദ്ധ്യക്ഷനായി. പ്രണവം വിജയൻ, അനീഷ്, സദഖ് അബ്‌ദുള്ള മെലാപ്പൂര്, റൈസിംഗ് കൊട്ടിയം പ്രസിഡന്റ് പുല്ലാങ്കുഴി സന്തോഷ്, പി.വി.ജോസ്, ഫസലുദീൻ, ശ്രീലാൽ, അനീഷ് എന്നിവർ സംസാരിച്ചു. രക്ഷാധികാരി താഹാകുഞ്ഞ് സ്വാഗതവും നിഷാദ് പള്ളിക്കൽ നന്ദിയും പറഞ്ഞു. കൊട്ടിയം ജംഗ്‌ഷനിൽ വ്യാപാരി - വ്യവസായികൾ പ്രകടനവും നടത്തി.