കൊല്ലം: സന്ധ്യയായാൽ കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷന് സമീപം വരെ (കുമാർ ആശുപത്രി വരെ) കൂരിരുട്ടിലാണ്. കൈയിൽ വെളിച്ചം കരുതിയാലേ ഇതുവഴി നടക്കാൻ കഴിയുകയുള്ളു. ഡിവൈഡറിലെ തെരുവ് വിളക്കുകൾ ഒന്നും തെളിയാത്തതാണ് കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. മാസങ്ങളായി ഇതാണ് അവസ്ഥ. ആറ് തെരുവുവിളക്കുകളാണ് ഒന്നി​ച്ച് കണ്ണടച്ചത്. സമീപത്തെ കടകളിൽ നിന്ന് മറ്റും സ്ത്രീകളുൾപ്പെടെ നിരവധിപ്പേരാണ് ഇതുവഴി കടന്നുപോകുന്നത്. സമീപത്തെ കടകളിൽ നിന്നുള്ള വെട്ടം കൂടി അണഞ്ഞാൽ ഇവിടം പൂർണമായും ഇരുട്ടിലാകും. ഇത്തിരി വെളിച്ചം ലഭിക്കണമെങ്കിൽ വണ്ടികൾ കടന്നു പോകണം. പേടിച്ചാണ് ഈ ഭാഗത്തുകൂടി ആളുകൾ കടന്നുപോകുന്നത്.

തെരുവുനായ ശല്യവും രൂക്ഷം

തെരുവുനായ ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്. ഇരുട്ടായതിനാൽ തെരുവുനായ്ക്കൾ നിൽക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. കുരച്ച് കൊണ്ട് മുന്നിലേക്ക് ചാടുമ്പോൾ ഒഴിഞ്ഞുമാറുന്നത് റോഡിലേക്കാണ്. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്നത് വലിയ അപകടങ്ങൾക്കാണ് വഴിവെയ്ക്കുന്നത്.

പരാതി പറഞ്ഞ് മടിഞ്ഞു

തെരുവുവിളക്ക് കാത്താതായതോടെ കോർപ്പറേഷനിലും കെ.എസ്.ഇ.ബിയിലും പരാതി പറഞ്ഞുമടുത്തുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിളക്കുകളുടെ അറ്റകുറ്റപ്പണികൾ കോർപ്പറേഷന്റെ ചുമതലയാണ്.

തെരുവുവിളക്ക് തെളിയാത്തത് കാൽനടയാത്രക്കാർക്കും കടക്കാർക്കുമെല്ലാം വലിയ ബുദ്ധിമുട്ടാണ് . പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.

സുനിൽ , സമീപവാസി

വിഷയം കൗൺസിലിൽ ഉന്നയിച്ചിട്ടുണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണും.

ബി.ഷൈലജ , കൗൺസിലർ, തേവള്ളി ഡിവിഷൻ

ടി.ബി ബോക്സ് തകരാറായതാണ് വിളക്ക് തെളിയാത്തതിന് കാരണം. പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സജീവ് സോമൻ, ചെയർമാൻ,

മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി