ചാത്തന്നൂർ: ചാത്തന്നൂർ കുറുങ്ങൽ ഏലായിൽ ചാത്തന്നൂർ കൃഷിഭവന്റെയും ചേനമത്ത് കുറുങ്ങൽ ഏല നെല്ല് ഉത്പാദക സമിതിയുടെയും ആഭിമുഖ്യത്തിൽ നടീൽ ഉത്സവവും ചേറ്റോട്ട മത്സരവും നടത്തി. ചാത്തന്നൂർ പഞ്ചായത്തിലെ ആദ്യകാല നെൽകർഷക പുരസ്കാര ജേതാവ് കുമാരു ഗോപിയുടെ പതിന്നാലാം വാർഷിക സ്മൃതി ദിനത്തോടനുബന്ധിച്ചാണ് പൂട്ടി ഒരുക്കിയ വയലിൽ മത്സരവും രണ്ടാം കൃഷി നടീൽ ഉദ്ഘാടനവും സംഘടിപ്പിച്ചത്.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാർ നടീൽ ഉദ്ഘാടനവും മുൻ പ്രസിഡന്റ് ടി.ദിജു ചേറ്റോട്ട മത്സരവും ഉദ്ഘാടനം ചെയ്തു. ഏലാവികസന സമിതി പ്രസിഡന്റ് മധുസൂദനൻ പിള്ള അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. മികച്ച കർഷകത്തൊഴിലാളി കെ.എസ്.സജുവിനെ (റിട്ട. എ.എസ്.ഐ (ബി.എസ്.എഫ്) ജി.ആർ.ഗോപകുമാർ ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രേണുക രാജേന്ദ്രൻ, ചാത്തന്നൂർ കൃഷി ഓഫീസർ മനോജ് ലൂക്കോസ്, റിട്ട. ജയിൽ ഓഫീസർ സി.സുരേന്ദ്രൻ, ജി.ആർ.ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.