പ്രഹസനമായി നിർമ്മാണോദ്ഘാടനം
കൊട്ടാരക്കര: ഹൈടെക് സ്വപ്നങ്ങളുമായി നിർമ്മാണോദ്ഘാടനം നടത്തിയിട്ട് രണ്ടര വർഷം. കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ സർവത്ര ദുരിതം. മുട്ടാത്തർക്കങ്ങൾ പറഞ്ഞ് ഇനിയും നിർമ്മാണ ജോലികൾ തുടങ്ങാനുമായിട്ടില്ല. ദിവസവും നൂറുകണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന, ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡിനാണ് ഈ ദുർഗതി. കാലപ്പഴക്കത്തിന്റെ ജീർണാവസ്ഥയിലുള്ള വെയിറ്റിംഗ് ഷെഡ് തകർന്ന് വീഴാറായി നിൽക്കുകയാണ്. ഇതിനുള്ളിലാണ് ഇപ്പോഴും യാത്രക്കാർ കാത്തുനിൽക്കുന്നത്. യാത്രക്കാർ നടന്നുപോകുന്ന ഇടത്തുകൂടിയാണ് ഓട കടന്നുപോകുന്നത്. ഇതിന്റെ മേൽമൂടി തകർന്നത് മാറ്റി സ്ഥാപിച്ചിട്ടില്ല. നേരത്തെ ബാക്കിയായ സ്ളാബുകളും മറ്റും ഇവിടെ പലയിടത്തായി ബാക്കിയാകുന്നത് അപകടവും ക്ഷണിച്ചുവരുത്തുന്നു. പ്രവേശന കവാടത്തോട് ചേർന്ന ഓട നവീകരണത്തിനായി പൊളിച്ചതും അതേപടി കിടപ്പാണ്. എപ്പോഴും യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. ബസ് സ്റ്റാൻഡിന്റെ ഹൈടെക് വികസന പദ്ധതികളെല്ലാം ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്.
ഹൈടെക് സ്റ്റാൻഡ് സ്വപ്നങ്ങളിൽ മാത്രം
ബസ് സ്റ്റാൻഡിന് ഹൈടെക് വികസന പദ്ധതികളാണ് വിഭാവനം ചെയ്തത്.
ആദ്യഘട്ട നിർമ്മാണത്തിന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു.
2022 മാർച്ച് 12ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണോദ്ഘാടനം നടത്തി
ബസ് പാർക്കിംഗിന് വേണ്ടുവോളം സ്ഥലം ക്രമീകരിക്കാനും കച്ചവട സ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കാനാണ് പദ്ധതി
എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം എന്നിവയൊക്കെ പദ്ധതിയിലുണ്ടായിരുന്നു.