കുണ്ടറ: മരം മുറിക്കുന്നതിനിടെ ഇലക്ട്രിക് വാൾ ദേഹത്ത് കൊണ്ട് പരിക്കേറ്റ് കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കേരളപുരം മാമ്മൂട് തോട്ടിൻകര സ്വദേശി ബിജുവാണ് (40) മരത്തിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. മാമ്മൂട് മാടൻകാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം. നിലത്തിറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കുണ്ടറ ഫയർഫോഴ്സ് എത്തി വലയുടെ സഹായത്തോടെ ബിജുവിനെ താഴെയിറക്കി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.