road
ചൊവ്വള്ളൂർ തേവരു പൊയ്ക ക്ഷേത്രം ഏലാ റോഡ് തകർന്ന നിലയിൽ.

എഴുകോൺ : കരീപ്ര പഞ്ചായത്തിലെ ചൊവ്വള്ളൂർ തേവരുപൊയ്ക ക്ഷേത്രം ഏലാ റോഡ് നന്നാക്കാൻ നടപടിയില്ല. വലിയ ടിപ്പറുകളിൽ മണ്ണ് കടത്തിയതിനെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് റോഡ് തകർന്നത്. വലിയ ഭാരത്തോടെ ലോറികൾ നിരന്തരം കടന്ന് പോയതിനെ തുടർന്ന് മണ്ണിരുത്തി റോഡിന്റെ സംരക്ഷണ ഭിത്തി പൊളിയുകയായിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ചൊവ്വള്ളൂർ ഏലായിലൂടെ പുതിയ റോഡ് നിർമ്മിച്ചത്. 2019-20 കാലയളവിലാണ് കരീപ്ര പഞ്ചായത്ത് സമിതി ഇതിനാവശ്യമായ തുക വകയിരുത്തിയത്. തേവരുപൊയ്ക ക്ഷേത്ര ഭരണ സമിതിയും പ്രദേശ വാസികളും മുൻകൈ എടുത്താണ് സൗജന്യമായി മണ്ണെത്തിച്ച് റോഡിന് രൂപം നൽകിയത്. കൃഷിക്കാർ ഭൂമി വിട്ടു നൽകി.

ഗതാഗത യോഗ്യമാക്കണം

4 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സംരക്ഷണ ഭിത്തിയും കലുങ്കും നിർമ്മിച്ചത്. ഓട്ടോ റിക്ഷകളും ജീപ്പും ഇരുചക്ര വാഹനനങ്ങളും നിരന്തരം കടന്ന് പോകുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോഡ് തകർന്നത്. കൃഷിയിടങ്ങളിലേക്ക് പൊളിഞ്ഞു വീണ സംരക്ഷണ ഭിത്തിയുടെ അവശിഷ്ടങ്ങൾ ഇപ്പോൾ റോഡിലേക്ക് വാരി വച്ച നിലയിലാണ്. ഇതോടെ കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് ഇപ്പോൾ. റോഡ് തകർച്ചയ്ക്ക് ഉത്തരവാദികളായവരിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

നാട്ടുകാരുടെയും ക്ഷേത്രസമിതിയുടെയും സഹകരണത്തോടെയാണ്

പുതിയ റോഡ് നിർമ്മിച്ചത്.

സുജിത്ത്

മുൻ ഗ്രാമ പഞ്ചായത്ത് അംഗം

റോഡ് നന്നാക്കാൻ ആവശ്യമായ നടപടികൾ

വേഗത്തിൽ സ്വീകരിക്കും.

ഷീബാ സജി

ഗ്രാമപഞ്ചായത്തംഗം