കുളത്തൂപ്പുഴ: ജനവാസമേഖലയിലേക്ക് കാട്ടുമൃഗങ്ങളെത്തുന്നത് പതിവായ കുളത്തൂപ്പുഴയിൽ ഇന്നലെ കാട്ടുപോത്തിന്റെ കൂട്ടമെത്തി. കുളത്തൂപ്പുഴ 16 ഏക്കർ ഭാഗത്ത് ഇന്നലെ വൈകിട്ട് 3 ഓടെയാണ് കാട്ടുപോത്തുകൾ എത്തിയത്. ഇവ മണിക്കൂറോളം നിലയുറപ്പിച്ചത് സമീപവാസികളെ ഭീതിയിലാഴ്ത്തി. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ കുട്ടികളാണ് ആദ്യം കാട്ടുപോത്ത് കൂട്ടത്തെ കണ്ടത്. കുട്ടികളുടെ നിലവിളി കേട്ട് സമീപവാസികൾ എത്തി വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചു. അഞ്ചൽ റേഞ്ച് ഓഫീസിൽ നിന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി. റേഞ്ച് ഓഫീസർ ജി.അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനിൽ, വാച്ചർമാരായ ജയശ്രീ, രവികുമാർ, ഡ്രൈവർ ഷിജു എന്നിവരടങ്ങിയ സംഘം ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്.