കൊല്ലം: സ്വന്തം താത്പര്യങ്ങളുടെ പരിധിയിൽ നിന്ന് ജീവിതത്തേയും ലോകത്തേയും വീക്ഷിക്കുന്നത് ശരിയല്ല. ചിന്താശേഷി പ്രയോജനപ്പെടുത്തി താദാത്മ്യത്തെ കൂടുതൽ കൂടുതൽ വിസ്തരിച്ച് വ്യവസ്ഥിതിയെ മനസിലാക്കാൻ ശ്രദ്ധിക്കണം.
ധർമ്മസംരക്ഷണത്തിന്റെ വിവിധ പദ്ധതികൾ ഭഗവാന്റെ അദ്ധ്യക്ഷതയിൽ സ്ഥൂലവും സൂക്ഷ്മവുമായി നടക്കുന്നതും നിരീക്ഷിച്ചറിയണം. രാഗത്തിന്റെയോ ഭയത്തിന്റെയോ ക്രോധത്തിന്റെയോ സ്വാധീനത്തിൽപ്പെട്ടിരിക്കുമ്പോൾ അസഹിഷ്ണുത മുന്നിട്ടു നിൽക്കും. ആസ്വാദനം സാധിക്കില്ല. ദുർബലമാക്കുന്ന വികാരങ്ങൾ മനസിലുദിക്കുമ്പോൾ തിരിച്ചറിയാനും നിർവീര്യമാക്കാനും കഴിയണം. ഇതിന് സഹായകമായ തപസുകളെക്കുറിച്ച് ഭഗവാൻ ഗീതയിൽ ഉപദേശിക്കുന്നുണ്ടെന്നും ഭഗവദ്ഗീത നാലാം അദ്ധ്യായത്തിലെ ആദ്യ ഭാഗം പരാമർശിച്ച് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു.

41 ദിവസം നീണ്ടുനിൽക്കുന്ന വ്യാസപ്രസാദം 24 ന്റെ വേദിയിൽ ഇരുപത്തൊൻപതാം ദിന പ്രഭാഷണമായിരുന്നു ഇന്നലെ. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിലാണ് നടന്നുവരുന്നത്.