 
പത്തനാപുരം: പ്രതിസന്ധികളിൽ പൊരുതി ജയിച്ച ഗാന്ധിഭവന്റെ സ്വന്തം മകൾ ചൈതന്യ അയർലൻഡിലേക്ക് പറന്നു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും ഭാര്യ പ്രസന്നയ്ക്കും മക്കൾക്കൊപ്പമായിരുന്നു ചൈതന്യയും താമസിച്ചിരുന്നത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ചൈതന്യയുടെ മാതാപിതാക്കളും സഹോദരങ്ങളും ആലപ്പുഴ മുല്ലയ്ക്കൽ വഴിയരികിൽ കൂരകൂട്ടിയാണ് താമസിച്ചിരുന്നത്. ചൈതന്യയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മയും ആറുവയസോടെ അച്ഛനും മരിച്ചു. സംരക്ഷിക്കാൻ ആരുമില്ലാതായ കുട്ടികൾ അകന്ന ബന്ധുവിന്റെ വീട്ടിൽ വീട്ടുജോലികൾ ചെയ്ത് അവരുടെ നിർദ്ദേശാനുസരണം ജീവിക്കുകയായിരുന്നു.
ദുരിതജീവിതത്തിനിടയിലും ഇവർ പഠനം ഉപേക്ഷിച്ചില്ല. അപ്രതീക്ഷിതമായി ബന്ധുവീട്ടിൽ നിന്ന് ആട്ടിയിറക്കപ്പെട്ടതോടെ അവർ തീർത്തും ഒറ്റപ്പെട്ടു. എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന കുട്ടികളുടെ ദുഃഖം കണ്ട ആലപ്പുഴ എസ്.ഡി.വി (സനാതന ധർമ്മ വിദ്യാലയം) സ്കൂളിലെ കൗൺസിലർമാരും സ്കൂൾ അധികൃതരും ഇടപെട്ട് പതിനാലു വർഷം മുമ്പാണ് ചൈതന്യയെയും സഹോദരിമാരെയും ഗാന്ധിഭവനിൽ എത്തിച്ചത്.
ഗാന്ധിഭവനിലെത്തിയതോടെ ചൈതന്യയുടെയും സഹോദരിമാരുടെയും പഠനം പുനരാരംഭിച്ചു. കഴിഞ്ഞ ഒക്ടോബർ 28ന് തിരുവനന്തപുരം പാറശാല സ്വദേശിയും ബി.എസ്സി നഴ്സിംഗ് ബിരുദധാരിയുമായ അഖിൽ.എസ്.കമലുമായി ചൈതന്യയുടെ വിവാഹനിശ്ചയം ഗാന്ധിഭവനിൽ നടന്നിരുന്നു. ചൈതന്യയുടെ സഹോദരിമാരുടെ വിവാഹവും ഗാന്ധിഭവനാണ് നടത്തിക്കൊടുത്തത്.
പഠനത്തിൽ മിടുക്കി
പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ നിന്ന് പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ചൈതന്യ ജനറൽ നഴ്സിംഗും പോസ്റ്റ് ബി.എസ്സി നഴ്സിംഗും മികച്ച നിലയിൽ പാസായി. ശേഷം കൊല്ലം ഉപാസന നഴ്സിംഗ് കോളേജിൽ ലക്ചററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ വിദേശത്ത് പോകുന്നതിനുള്ള ഒ.ഇ.ടി പരീക്ഷ പാസായി.
ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും കൊവിഡ് കാലത്ത് സ്വന്തം താല്പര്യപ്രകാരം ചൈതന്യ വിവിധ ഹോസ്പിറ്റലുകളിൽ ഡ്യൂട്ടി ചെയ്തു. ഗാന്ധിഭവനിലെ അച്ഛനമ്മമാരെ ശുശ്രൂഷിച്ചും അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുമാണ് ഗാന്ധിഭവനിൽ കഴിഞ്ഞിരുന്നത്.
തന്നെ കുറ്റപ്പെടുത്തിയവരുടെയും അവഗണിച്ചവരുടെയും മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പിന്നിലുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ചൈതന്യയുടെ അയർലൻഡ് യാത്ര.
പുനലൂർ സോമരാജൻ, ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി