കൊല്ലം: മണ്ണ് ക്ഷാമം കാരണം ദേശീയപാത 66 വികസനത്തിന്റെ ഭാഗമായുള്ള ആർ.ഇ (റീ ഉൻഫോഴ്സ്മെന്റ്, റീട്ടെയിൻ എർത്തൻ) വാളുകളുടെ നിർമ്മാണം സ്തംഭനത്തിൽ. ആർ.ഇ വാളുകളുടെ ഭിത്തിയോട് ചേർന്ന് നിറയ്ക്കേണ്ട പശ കൂടുതലുള്ള മണ്ണിനാണ് ക്ഷാമം.

മണ്ണ് ക്ഷാമം കാരണം അടിപ്പാത, ഫ്ലൈ ഓവർ എന്നിവയുടെ കോൺക്രീറ്റിംഗ്, സർവീസ് റോഡ് നിർമ്മാണം എന്നിവ മാത്രമാണ് കാര്യമായി നടക്കുന്നത്. ആർ.ഇ വാളുകൾ നിർമ്മിച്ചുള്ള അടിപ്പാതകളിലേക്കും ഫ്ലൈ ഓവറുകളിലേക്കുമുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം മാസങ്ങളായി സ്തംഭനത്തിലാണ്. അടിപ്പാതകളിൽ ഭൂരിഭാഗവും ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ്. ഫ്ലൈ ഓവറുകൾ പൂർണമായും പ്രധാന ജംഗ്ഷനുകളിലാണ്. ആർ.ഇ വാൾ നിർമ്മാണം മുന്നോട്ടുപോകാത്തതാണ് ജംഗ്ഷനുകളിലെ ഗതാഗത കുരുക്കിന് കാരണം.

അടിപ്പാതകളും ഫ്ലൈ ഓവറുകളും ഉള്ള സ്ഥലങ്ങളിലെല്ലാം ഭാഗികമായി ആർ.ഇ വാൾ നിർമ്മിച്ച ശേഷം ഇപ്പോൾ പണി നിറുത്തിവച്ചിരിക്കുകയാണ്. ഇവിടങ്ങളിലെല്ലാം ആർ.ഇ വാളുകൾക്കിടയിലുള്ള പഴയ റോഡിലൂടെയാണ് വാഹനം കടത്തിവിടുന്നത്. ഈ സ്ഥലങ്ങളിൽ ഗതാഗതത്തിന് ആവശ്യമായ വീതിയില്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മഴ പെയ്യുമ്പോൾ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് റോഡിൽ കുന്നുകൂടി കുണ്ടും കുഴിയും രൂപപ്പെടുകയാണ്. തുടർച്ചയായ മഴയും ആർ.ഇ വാൾ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ മണ്ണ് കൊണ്ടുള്ള നിർമ്മാണം ദേശീയപാത അതോറിറ്റി അനുവദിക്കില്ല.


ഇനിയും വേണം ഇരട്ടിയോളം മണ്ണ്

 അടിപ്പാതകൾക്ക് 900 മീറ്ററിൽ ആർ.ഇ വാൾ

 ഫ്ലൈ ഓവറുകൾക്ക് ഒരു കിലോ മീറ്റർ നീളത്തിൽ

 ഒരു അടിപ്പാതയ്ക്ക് ശരാശരി വേണ്ടത് 1.5 ലക്ഷം മീറ്റർ ക്യൂബ് മണ്ണ്

 ഉയരം കൂടുമ്പോൾ കൂടുതൽ മണ്ണ് വേണം

 ഫ്ലൈ ഓവറുകൾക്ക് വേണ്ടത് 2 ലക്ഷം മീറ്റർ ക്യൂബ്

 നിലവിൽ സംഭരിച്ചതിന്റെ ഇരട്ടിയോളം മണ്ണ് ഇനി വേണം

വെറുതെ മണ്ണ് നിറയ്ക്കില്ല

ആർ.ഇ വാളുകൾക്കിടയിൽ നടുക്കും വശങ്ങളിലും നിറയ്ക്കേണ്ട മണ്ണിന് പശിമ അടിസ്ഥാനമാക്കി ദേശീയപാത അതോറിറ്റി മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ലാബിൽ പരിശോധന നടത്തി പശിമ അടക്കമുള്ള ഘടകങ്ങൾ ദേശീയപാത അതോറിറ്റിയെ ബോദ്ധ്യപ്പെടുത്തിയ ശേഷമേ നിർമ്മാണത്തിന് ഉപയോഗിക്കാൻ അനുവദിക്കൂ.

മണ്ണ് ക്ഷാമവും തുടർച്ചയായ മഴയുമാണ് ആർ.ഇ വാൾ നിർമ്മാണം ഇഴയാൻ കാരണം. ലഭിക്കുന്ന ഏത് മണ്ണും നിർമ്മാണത്തിന് ഉപയോഗിക്കാനാകില്ല. ലാബിൽ പ്ലാസ്റ്റിസിറ്റി ഇൻഡക്സ് അടക്കമുള്ള ഘടകങ്ങൾ പരിശോധിച്ച ശേഷമേ ഉപയോഗിക്കാനാകൂ.

ദേശീയപാത അതോറിറ്റി അധികൃതർ