കൊല്ലം: മാലിന്യ സംസ്കരണത്തിന് കോർപ്പറേഷന് മാലിന്യ പ്ലാന്റ് ഇല്ലാത്തതും പ്രദേശവാസികൾ സഹകരിക്കാത്തതും വെല്ലുവിളിയാകുന്നുണ്ടെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. 150 ടൺ ശേഷിയുള്ള പ്ലാന്റ് നടപ്പിലാക്കാനുള്ള പദ്ധതി സർക്കാർ അംഗീകാരത്തിന് കോർപ്പറേഷൻ നൽകിയിട്ടുണ്ടെന്നും ബീച്ചിന്റെ സ്വകാര്യത നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കില്ലെന്നും ടാക്സ് കുടിശ്ശികയുള്ളവർക്ക്​ സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കുമെന്നും വെൻഡിംഗ്​ കമ്മിറ്റി കൂടി കോർപ്പറേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കുന്ന നടപടി സ്വീകരിക്കുമെന്നും മേയ പറഞ്ഞു.

തീരപ്രദേശത്ത് മാലിന്യം സംസ്കരിക്കാനുള്ള പദ്ധതികൾ നിലവിലില്ല. ഹാർബറുമായി ബന്ധപ്പെട്ട് തങ്കശേരിയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. കുട്ടികളുടെ ഹരിതസഭ കൂടി പ്രവർത്തന സർവേ നടത്തുമെന്നും തൊഴിലാളികളുടെ കുറവുള്ളതിനാൽ മാലിന്യസംസ്കരണത്തിന് കാലതാമസം എടുക്കുന്നുണ്ടെന്നും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്​സൻ യു.പവിത്ര പറഞ്ഞു.

തീരദേശത്ത്​ പള്ളിത്തോട്ടം മുതൽ പോർട്ട്​ വരെയുള്ളവർക്ക്​ കരം അടക്കുന്ന രസീതിൽ ഓണർഷിപ്പ്​ സ്ഥാനത്ത്​ ഗവൺ​മെന്റ് എന്ന് രേഖപ്പെടുത്തിയത് തീരദേശ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കൽ നടക്കുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയിലാണ്​ പ്രദേശവാസികളെന്ന് കൗൺസിലർ ജോർജ്.ഡി.കാട്ടിൽ ചൂണ്ടികാട്ടി. ചേരികളിലും മറ്റും താമസിക്കുന്നവക്ക്​ വീടുകളുടെ അറ്റകുറ്റപ്പണിക്കുൾപ്പടെ സഹായം നൽകാൻ കഴിയുകയുമില്ല. കരം ഒടുക്കിയ രസീതിൽ ഓണർഷിപ്പ്​ സ്ഥാനത്ത്​ ഗവൺ​മെന്റ് എന്ന്​ രേഖപ്പെടുത്തുന്നതിൽ മാറ്റം വരുത്തേണ്ടത്​ അനിവാര്യമാണെന്നും കൗൺസിലിൽ ആവശ്യം ഉയർന്നു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട ഓടകളുടെ ശുചീകരണം നടപ്പാകാത്തത് തികഞ്ഞ അലംഭാവമാണെന്ന് കൗൺസിലർ ടി.ജി.ഗിരീഷ്​ ആരോപിച്ചു. മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട്​ നൽകുന്ന വേസ്​റ്റ്​ ബിന്നുകൾ എല്ലാ ഡിവിഷനിലും തുക അടച്ചവർക്ക്​ ലഭിക്കുന്നില്ലെന്നും യോഗത്തിൽ ചർച്ചയായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫുട്​പാത്തും റോഡും കൈയേറി വഴിയോരകച്ചവടക്കാർ വർദ്ധിച്ചുവരികയാണെന്നും ഇതുമൂലം റോഡപകടങ്ങൾ ഉൾപ്പടെ ഉണ്ടാകുന്നുണ്ടെന്നും കൗൺസിലർമാർ ആശങ്ക രേഖപ്പെടുത്തി. തെരുവുവിളക്കുകൾ കത്താത്തതും കൗൺസിലിൽ ചൂണ്ടിക്കാട്ടി. തെരുവുവിളക്കുകൾ സ്ഥിരമായി തെളിയിക്കാൻ കരാർ നൽകിയിട്ടുണ്ടെന്നും എല്ലാ​ സോണുകളിലും കരാറുകാരനുമായി ബന്ധപ്പെട്ട്​ തെളിയാത്ത തെരുവ് വിളക്കുകൾ മാറി നൽകുന്നതാണെന്നും മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ അറിയിച്ചു. ഡെപ്യുട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അദ്ധ്യക്ഷരായ യു.പവിത്ര, എസ്​.ജയൻ, സുജ കൃഷ്ണൻ, ഗീതാകുമാരി കൗൺസിലർമാരായ ഹണി ബഞ്ചമിൻ, അനീഷ് കുമാർ, എൻ.ടോമി, ബി.സാബു, എം.പുഷ്പാംഗദൻ,ജി.ആർ.മിനിമോൾ, കുരുവിള ജോസഫ്​ എന്നിവർ സംസാരിച്ചു.