പോരുവഴി: കനത്ത മഴയിൽ ഭരണിക്കാവിലെ ബസ് സ്റ്റാൻഡ് വെള്ളക്കെട്ടായി. സ്റ്റാൻഡിലേക്കുള്ള റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ട് സഞ്ചരിക്കാൻ കഴിയാത്ത വിധം വെള്ളം നിറഞ്ഞ് കിടക്കുകയാണ്. സ്റ്റാൻഡ് പ്രവർത്തിക്കുന്നില്ലെങ്കിലും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. ഭരണിക്കാവ് ജംഗ്ഷനെ ഒഴിവാക്കി കൊട്ടാരക്കര , ചക്കുവള്ളി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
സ്റ്റാൻഡിൽ കയറാതെ ബസും യാത്രക്കാരും
ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്താണ് വർഷങ്ങൾക്ക് മുമ്പ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചത്.
രണ്ടോ, മൂന്നോ മാസം പ്രവർത്തിച്ച ശേഷം നിന്നു പോവുകയാണ് പതിവ് . ഏറ്റവും ഒടുവിൽ
2020 ജനുവരിയിൽ ആണ് സ്റ്റാൻഡ് പ്രവർത്തനം പുനരാരംഭിച്ചത്. പതിവ് പോലെ രണ്ട് മാസത്തിന് ശേഷം പ്രവർത്തനം നിലച്ചു. ബസും യാത്രക്കാരും സ്റ്റാൻഡിൽ കയറാതായതോടെയാണ് സ്റ്റാൻഡ് പ്രവർത്തനം നിലച്ചത്.
മാലിന്യ കൂമ്പാരവും സാമൂഹ്യ വിരുദ്ധശല്യവും
സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും താല്പര്യം കാണിക്കാറില്ല. ഏറ്റവും ഒടുവിൽ 2023 ലെ ഓണക്കാലം മുതൽ സ്റ്റാൻഡ് പ്രവർത്തിപ്പിക്കുവാൻ സർവ്വ കക്ഷി യോഗത്തിൽ തീരുമാനിച്ചങ്കിലും പ്രതിഷേധവുമായി വ്യാപാരി വ്യവസായികൾ വന്നതോടെ തീരുമാനം പിന്നെയും നീട്ടിവച്ചു. സ്റ്റാൻഡിൽ അത്യാവശ്യം അറ്റകുറ്റ പണികൾ നടത്താമെന്ന് അന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല. വെള്ളക്കെട്ടിനോടൊപ്പം മാലിന്യ കൂമ്പാരവും സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമാണ്.